ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അനിതയുടെ വീട്ടില്‍ നടന്‍ വിജയ് സന്ദര്‍ശനം നടത്തി. അരിയലൂര്‍ ജില്ലയിലെ കുഴുമൂര്‍ ഗ്രാമത്തിലെ വീട്ടിലെത്തിയ വിജയ് അനിതയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിച്ചു.

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ദലിത് വിദ്യാര്‍ഥിനിയായ എസ്.അനിത (17) ജീവിനൊടുക്കിയത്. പ്ലസ് ടു പരീക്ഷയില്‍ 1200ല്‍ 1176 മാര്‍ക്ക് അനിത നേടിയിരുന്നു. തമിഴ്‌നാട്ടിലെ മെഡിക്കല്‍ പ്രവേശനത്തിനു ദേശീയ പൊതുപ്രവേശന പരീക്ഷ (നീറ്റ്) നിര്‍ബന്ധമാക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ നിയമ യുദ്ധം നടത്തിയത് അനിതയായിരുന്നു.

Vijay, Anita

98% മാര്‍ക്കോടെ എംബിബിഎസ് പ്രവേശനം ഉറപ്പാക്കിയിരുന്ന അനിതയ്ക്കു നീറ്റ് പരീക്ഷയില്‍ ലഭിച്ചത് 700ല്‍ 86 മാര്‍ക്ക് മാത്രം. ഇതോടെ ഡോക്ടറാകുകയെന്ന സ്വപ്നം ഇതോടെ പൊലിഞ്ഞു. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എയ്റോനോട്ടിക് എന്‍ജിനീയറങ്ങിലും ഒരത്തനാട് വെറ്ററിനറി കോളജിലും അനിതയ്ക്ക് സീറ്റ് ലഭിച്ചിരുന്നു. പക്ഷേ അതുകൊണ്ടൊന്നും നിരാശ മാറിയില്ല. ഇതേ തുടര്‍ന്നാണ് അനിത വീട്ടില്‍ തൂങ്ങി മരിച്ചത്.

Vijay, Anita

സംഭവത്തില്‍ നിരവധി പ്രതിഷേധ പ്രകടനങ്ങള്‍ക്ക് തമിഴ്‌നാട് സാക്ഷ്യം വഹിച്ചിരുന്നു. സിനിമാക്കാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രജനികാന്ത്, കമല്‍ഹാസന്‍, ജി.വി പ്രകാശ്, പാ രഞ്ജിത് എന്നിവര്‍ അനിതയുടെ ആത്മഹത്യയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു. നടന്‍ സൂര്യ നീറ്റിനെതിരെ ലേഖനവും എഴുതിയിരുന്നു.

തമിഴ്‌നാട്ടിലെ വിദ്യാര്‍ഥികള്‍ക്കു നീറ്റില്‍ നിന്ന് ഒരു വര്‍ഷത്തെ ഇളവ് അനുവദിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ നീറ്റിനെ അനുകൂലിക്കുന്ന വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഈ കേസില്‍ നീറ്റിനെ എതിര്‍ക്കുന്നവരുടെ പ്രതിനിധിയായാണു അനിത സുപ്രീം കോടതിയില്‍ കക്ഷി ചേര്‍ന്നത്.

കടപ്പാട്: ട്വിറ്റർ

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ