കശ്മീരിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ മാനിക്കാതെ, സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ 370ാം അനുച്ഛേദം റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തമിഴ് നടന് വിജയ് സേതുപതി.
കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ജനാധിപത്യവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന്, തമിഴ്നാട്ടിലെ സോഷ്യലിസ്റ്റ് നേതാവ് പെരിയാര്‍ ഇ.വി രാമസാമിയെ ഉദ്ധരിച്ചുകൊണ്ട് വിജയ് സേതുപതി പറഞ്ഞു.
‘ഇത് ജനാധിപത്യത്തിന് വിരുദ്ധമാണ്. ആളുകള്‍ക്ക് തന്നെയാണ് അവരുടെ പ്രശ്നങ്ങളില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരമെന്ന് പെരിയാര്‍ നേരത്തേ പറഞ്ഞിരുന്നു. നിങ്ങളുടെ വീട്ടിലെ കാര്യങ്ങളില്‍ എനിക്ക് ഇടപെടാന്‍ സാധിക്കുമോ? അവിടെ താമസിക്കുന്നത് നിങ്ങളാണ്. നിങ്ങല്‍ക്ക് ഏറ്റവും മികച്ചത് എന്താണെന്ന് അറിയാവുന്നവരും നിങ്ങളാണ്. എനിക്ക് നിങ്ങളുടെ കാര്യങ്ങളില്‍ ആശങ്കപ്പെടാം, പക്ഷെ എന്റെ തീരുമാനങ്ങള്‍ നിങ്ങള്‍ക്കു മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. അത് രണ്ടും വ്യത്യസ്തകാര്യങ്ങളാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കശ്മീരിനെക്കുറിച്ച് വായിച്ച റിപ്പോര്‍ട്ടുകള്‍ തനിക്ക് വളരെയധികം വേദനയുണ്ടാക്കിയതായും കശ്മീര്‍ സംഘര്‍ഷം പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനെതിരെ ജാഗ്രത പാലിച്ചതായും താരം പറഞ്ഞു – “കശ്മീരിന് പുറത്ത് താമസിക്കുന്ന ആളുകള്‍ എന്ന നിലയില്‍ നമുക്ക് അവരെക്കുറിച്ച് ആശങ്കയുണ്ടാകാം, പക്ഷേ നിര്‍ദ്ദേശങ്ങള്‍ നല്കാന് നമ്മൾ തുനിയരുത്.”
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് സൂപ്പർ സ്റ്റാർ രജനീകാന്ത് എൻഡിഎ സർക്കാരിനെ പ്രശംസിച്ചതിന് തൊട്ടുപിന്നാലെയാണ് സേതുപതിയുടെ പരാമർശം.
“കശ്മീർ ദൗത്യത്തിന് അമിത് ഷാ ജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. നിങ്ങൾ ഇത് നടത്തിയ രീതി, അതിനെ നമിക്കുന്നു. പ്രത്യേകിച്ചും നിങ്ങൾ പാർലമെന്റിൽ നടത്തിയ പ്രസംഗം. ഫെന്റാസ്റ്റിക് സർ. അമിത് ഷായും മോദിയും കൃഷ്ണനെയും അർജുനനെയും പോലെയാണ്. ഇതിൽ ആരാണ് അർജുനൻ, ആരാണ് കൃഷ്ണൻ എന്ന് ഞങ്ങൾക്ക് അറിയില്ല. അവർക്ക് മാത്രമേ അറിയൂ,” എന്നായിരുന്നു രജനീകാന്ത് പറഞ്ഞത്.
Read More: മോദിയും അമിത് ഷായും കൃഷ്ണനേയും അർജുനനേയും പോലെ: രജനീകാന്ത്
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു എഴുതിയ “ലിസണിങ്, ലേണിങ്, ലീഡിങ്” എന്ന പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു രജനീകാന്ത്. ഞായറാഴ് രാവിലെ ചെന്നൈയിൽ അമിത്ഷാ പുസ്തകം പ്രകാശനം ചെയ്തു.
വിജയ് സേതുപതിയുടെ വിമർശനത്തിന് മറുപടിയുമായി തമിഴ് ഔദ്യോഗിക ഭാഷാ മന്ത്രി മഫോയ് കെ പാണ്ഡ്യരാജൻ രംഗത്തെത്തി. വിജയ് സേതുപതിയെ പോലുള്ള താരങ്ങൾ ഒരു കാര്യത്തിൽ അഭിപ്രായം പറയുമ്പോൾ, വിഷയം ആഴത്തിൽ വിശകലനം ചെയ്യണമെന്ന് മഫോയ് കെ പാണ്ഡ്യരാജൻ പറഞ്ഞു.