അഹമ്മദാബാദ്: തിരിച്ചടി നേരിട്ടിട്ടും ഗുജറാത്തിൽ ബിജെപി മുഖ്യമന്ത്രിയെ മാറ്റിയില്ല. വിജയ് രൂപാണി തന്നെ മുഖ്യമന്ത്രിയായി തുടരട്ടെയെന്ന നിലപാട് എംഎൽഎമാരുടെ യോഗം ഐകകണ്ഠ്യേന സ്വീകരിച്ചു. നിതിൻ പട്ടേൽ ഉപമുഖ്യമന്ത്രിയാകും.
ഗാന്ധിനഗറിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് അന്തിമതീരുമാനം കൈക്കൊണ്ടത്. നേരത്തേ തന്നെ വിജയ് രൂപാണി മുഖ്യമന്ത്രിയാകുമെന്ന് ഊഹാപോഹങ്ങൾ ഉയർന്നിരുന്നെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിരുന്നില്ല.
22 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ഇത്തവണ ശക്തമായ പ്രചാരണം ആണ് ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നടത്തിയത്. ഇതോടെ ബിജെപിയുടെ സീറ്റ് 99 ലേക്ക് താഴ്ന്നു. കഴിഞ്ഞ തവണ 115 സീറ്റുകൾ വിജയിച്ച ബിജെപിയെ സംബന്ധിച്ച് ഗുജറാത്ത് നഷ്ടപ്പെടുമോയെന്ന ആശങ്കയുണ്ടായിരുന്നു.
അതേസമയം, തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി തന്റെ പിന്തുണ ബിജെപി സർക്കാരിനാണെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിയമസഭയിൽ ഭരണകക്ഷി അംഗങ്ങളുടെ എണ്ണം 100 ആയി. ജിഗ്നേഷ് മേവാനിയും അൽപേഷ് താക്കൂറും വിജയിച്ചതിനാൽ നിയമഭയിൽ പ്രതിപക്ഷത്തെ ശക്തിയും വർദ്ധിച്ചിട്ടുണ്ട്.