ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന് വായ്പയെടുത്ത് നാട് വിട്ട വിവാദ വ്യവസായി വിജയ് മല്യയുടെ ഫ്രാന്‍സിലെ സ്വത്തുവകകള്‍ പിടിച്ചെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്. 1.6 ദശലക്ഷം യൂറോ(ഏകദേശം 14 കോടി ഇന്ത്യന്‍ രൂപ) സ്വത്തുവകകള്‍ പിടിച്ചെടുത്തതായാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പ്രസ്താവനയില്‍ പറയുന്നത്.
“എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യർഥന മാനിച്ചാണ്” ഫ്രഞ്ച് അധികൃതർ നടപടി സ്വീകരിച്ചതെന്നും സ്വത്തുവകകൾ ഫ്രാന്‍സിലെ 32 അവന്യൂ എഫ്ഒസിഎച്ചി സ്ഥിതി ചെയ്യുന്നതെന്നും ഇഡി പ്രസ്താവനയിൽ പറഞ്ഞു.
കിങ്ഫിഷര്‍ എയര്‍ലൈന്‍സ് ലിമിറ്റഡിന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് വലിയ തുക വിദേശത്തേക്ക് അയച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതായും എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Read More: രജനീകാന്തിന്റെ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ തയ്യാർ: പനീർസെൽവം
നേരത്തേ, ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള വിധിക്കെതിരേ ബ്രിട്ടിഷ് സുപ്രീംകോടതിയിൽ അപ്പീൽ പോവാനുള്ള വിജയ് മല്യയുടെ നീക്കത്തിന് തിരിച്ചടി നേരിട്ടിരുന്നു. 8 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവിനെതിരായ അപ്പീൽ നൽകുന്നതിനായി മല്യ സമർപിച്ച അപേക്ഷ കോടതി തള്ളുകയായിരുന്നു. കിട്ടാക്കടവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുകൾ പ്രകാരം മല്യക്കെതിരേ ഇന്ത്യയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.
പ്രവർത്തനം അവസാനിപ്പിച്ച കിങ്ങ് ഫിഷർ വിമാനക്കമ്പനിയുടെ പേരിൽ ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 10,000 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്നാണ് മല്യക്കെതിരേ നിയമനടപടികൾ ആരംഭിച്ചത്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, ഗുരുതര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നീ ഏജൻസികൾ മല്യക്കെതിരേ കേസെടുത്തിരുന്നു. 2016 മുതൽ വിജയ് മല്യ യുകെയിലാണ്.