ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് വൻതുകകൾ വായ്പയെടുത്ത ശേഷം തിരിച്ചടക്കാതെ രാജ്യം വിട്ട ബിസിനസ് പ്രമുഖൻ വിജയ് മല്യയെ ബ്രിട്ടൻ ഇന്ത്യയ്ക്ക് കൈമാറിയേക്കും. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ മല്യയ്‌ക്കെതിരായ അന്വേഷണത്തിന്റെ വിവരങ്ങൾ ബ്രിട്ടന് കൈമാറാൻ നയതന്ത്ര പ്രതിനിധി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.

എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തിയത്.  ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരായ നരേന്ദ്ര മോദിയും തെരേസ മേയും കഴിഞ്ഞ നവംബറിൽ നടത്തിയ ചർച്ചയിലെ തീരുമാനങ്ങൾ പരിശോധിക്കാനും വിശദമായി ചർച്ച ചെയ്യാനുമായിരുന്നു യോഗം. രണ്ടു ദിവസത്തെ യോഗത്തിൽ ബ്രിട്ടനിൽ ഒളിച്ചുകഴിയുന്ന ഇന്ത്യക്കാരെ വിട്ടുകിട്ടാനുള്ള ആവശ്യമാണ് രാജ്യം പ്രധാനമായി മുന്നോട്ട് വച്ചത്.

മറ്റ് കേസുകളിൽ ബ്രിട്ടനിൽ ഒളിച്ചുകഴിയുന്ന ലളിത് മോദി, ടൈഗർ മേമൻ എന്നിവരെയും വിട്ടുനൽകണമെന്ന് ഇന്ത്യൻ പ്രതിനിധികൾ ബ്രിട്ടീഷ് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് പ്രതിനിധികൾ ഇരുവർക്കുമെതിരായ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് മല്യയ്‌ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ