ലണ്ടന്‍: ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ തട്ടി ലണ്ടനിലേക്ക് മുങ്ങിയ കിങ് ഫിഷര്‍ ഉടമ വിജയ് മല്യ മൂന്നാമതും വിവാഹിതനാവാൻ പോകുന്നതായി റിപ്പോര്‍ട്ട്. ഇപ്പോഴത്തെ പങ്കാളിയായ പിങ്കി ലാല്‍വാനിയെ ആണ് 62കാരനായ മല്യ വിവാഹം ചെയ്യുന്നതെന്ന് ഇന്ത്യ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 2011ലാണ് പിങ്കി കിങ് ഫിഷറില്‍ എയര്‍ ഹോസ്റ്റസ് ജോലിക്കായി വിജയ് മല്യയെ സമീപിച്ചത്. ആദ്യം സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയും ഒന്നിച്ച് ജീവിക്കാന്‍ ആരംഭിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

പിന്നീട് പല വേദികളിലും ചടങ്ങുകളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സമീറ ത്യാബ്ജിയും എയര്‍ ഹോസ്റ്റസ് ആയിരുന്നു. ആദ്യത്തെ രണ്ട് ഭാര്യമാരിലായി അദ്ദേഹത്തിന് 3 മക്കളുണ്ട്. സിദ്ധാര്‍ത്ഥ് മല്യ, ലിയാന, താനിയ എന്നിവരാണ് മക്കൾ.

ഈയടുത്താണ് ഒന്നായതിന്റെ മൂന്നാം വാര്‍ഷികം പിങ്കിയും വിജയ് മല്യയും ആഘോഷിച്ചത്. 2016ലും 2017ലുമാണ് കോടീശ്വരനായ മല്യ വാര്‍ത്തകളില്‍ നിറഞ്ഞത്. 9000 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അദ്ദേഹം വാർത്തകളിിൽ തലക്കെട്ടുകളായത്. ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യയെ ഏപ്രിലിൽ ലണ്ടനിൽ വച്ച് സ്കോട്ട്‌ലൻഡ് യാഡ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.

ഇന്ത്യ വിട്ട് ലണ്ടനിൽ അഭയം പ്രാപിച്ച വിജയ് മല്യയെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തിയത്. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയ വിജയ് മല്യ ഇംഗ്ലണ്ടിൽ തന്നെ കഴിയുകയാണ്.

മറ്റ് കേസുകളിൽ ബ്രിട്ടനിൽ ഒളിച്ചുകഴിയുന്ന ലളിത് മോദി, ടൈഗർ മേമൻ എന്നിവരെയും വിട്ടുനൽകണമെന്ന് ഇന്ത്യൻ പ്രതിനിധികൾ ബ്രിട്ടീഷ് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് പ്രതിനിധികൾ ഇരുവർക്കുമെതിരായ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് മല്യയ്‌ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ