ന്യൂഡല്‍ഹി: ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ പ്രതിരോധത്തിലായതിന് സൂചന നല്‍കി അദ്ദേഹത്തിന്റെ പുതിയ വാഗ്‌ദാനം. വായ്പയെടുത്ത മുഴുവന്‍ തുകയും താന്‍ തിരിച്ചടയ്ക്കാമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. 100 ശതമാനം തുകയും തിരിച്ചടയ്ക്കാമെന്നും ‘ദയവ് ചെയ്ത് സ്വീകരിക്കണം’ എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വിജയ് മല്യയെ നാട് കടത്തണോ എന്ന് ബ്രിട്ടീഷ് കോടതി വിധി പറയാനിരിക്കെയാണ് മുഴുവന്‍ തുകയും അടയ്ക്കാമെന്ന് പറഞ്ഞ് മല്യ രംഗത്തെത്തിയത്. അഞ്ച് ദിവസത്തിനുളളിലാണ് കോടതി വിധി വരിക.

‘ഏവിയേഷൻ ടർബിൻ എണ്ണയുടെ വില കൂടിയതോടെയാണ് കിങ്ഫിഷർ എയർലൈൻസ് കമ്പനി സാമ്പത്തികമായി നഷ്ടത്തിലായത്. ബാങ്കിൽ നിന്നെടുത്ത പണം മുഴുവൻ നഷ്ടമായി. 100 ശതമാനം പണം തിരികെ നൽകാമെന്ന് വാഗ്‌ദാനം ചെയ്തതാണ്. ദയവ് ചെയ്ത് സ്വീകരിക്കൂ,’ മല്യ ട്വീറ്റ് ചെയ്തു.

‘ബാങ്കിലെ പണം തിരിച്ചടയ്ക്കാതെ ഞാൻ കടന്നുകളഞ്ഞുവെന്നാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം വിളിച്ചു പറയുന്നത്. ഇത് കളവാണ്. എന്ത് കൊണ്ട് കർണാടക ഹൈക്കോടതിക്ക് മുമ്പിലുള്ള തന്‍റെ ഒത്തുതീർപ്പ് വാഗ്‌ദാനം ചർച്ചയാകുന്നില്ലെന്നും മല്യ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. മൂന്ന് പതിറ്റാണ്ടായി രാജ്യത്തിന് വേണ്ടി തന്റെ വ്യാപാര ഗ്രൂപ്പ് പണം ചെലവഴിച്ചിട്ടുണ്ടെന്നും മല്യ പറഞ്ഞു. കിങ്ഫിഷര്‍ തകര്‍ന്നപ്പോഴും പണം തിരികെ അടയ്ക്കാമെന്നാണ് താന്‍ പറയുന്നത്. ദയവായി സ്വീകരിക്കണമെന്നും മല്യ പറയുന്നു.

2016 മാര്‍ച്ചിലാണ് വായ്പയെടുത്ത 9000 കോടിയുമായി മല്യ രാജ്യം വിട്ടത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം ബ്രിട്ടനില്‍ ഇന്ത്യയിലേക്ക് വരാതിരിക്കാന്‍ പോരാടുന്നുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ