ലണ്ടൻ: ഇന്ത്യൻ വ്യവസായി വിജയ് മല്യയ്ക്ക് തിരിച്ചടി നല്‍കി ഇന്ത്യന്‍ ബാങ്കുകള്‍ നല്‍കിയ കേസില്‍ ലണ്ടന്‍ കോടതിയുടെ വിധി. 1.15 ബില്യണ്‍ പൌണ്ടിന്റെ (1.5ബില്യണ്‍ ഡോളര്‍/ 10,000 കോടിയിലധികം) തട്ടിപ്പ് വിജയ് മല്യ നടത്തിയതായി കോടതി കണ്ടെത്തി. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനായി മല്യ 1.4 ബില്യണ്‍ ഡോളര്‍ വായ്പയെടുത്തതായി തെളിഞ്ഞതായി ജഡ്ജി ആന്‍ഡ്ര്യൂ ഹെന്‍ഷാ പ്രസ്താവിച്ചു. മല്യയുടെ ആസ്തികള്‍ ആഗോളതലത്തില്‍ മരവിപ്പിച്ച ഉത്തരവ് റദ്ദാക്കാനും കോടതി തയ്യാറായില്ല.

ഇതോടെ മല്യയ്ക്കെതിരെ ഇന്ത്യന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിന്റെ ഉത്തരവ് നടപ്പിലാക്കുന്നത് എളുപ്പമാകുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. നേരത്തേ സിബിഐ സമർപ്പിച്ച തെളിവുകൾ സ്വീകാര്യമെന്ന് ലണ്ടൻ കോടതി വ്യക്തമാക്കിയിരുന്നു. മല്യയെ ഇന്ത്യയ്ക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട കേസ് ജൂലൈ 11ന് കോടതി വീണ്ടും പരിഗണിക്കും. വിവിധ ബാങ്കുകളിൽ നിന്ന് വായ്‌പയെടുത്ത 9,000 കോടി രൂപ തിരിച്ചടക്കാതെ രാജ്യം വിട്ട മല്യയെ കൈമാറണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

ജൂലൈ 11 വരെ മല്യയുടെ ജാമ്യം നീട്ടിയിട്ടുണ്ട്. മല്യയെ കൈമാറണമെന്ന ആവശ്യം നിരസിച്ചതിന് പിന്നാലെ ഇന്ത്യൻ അധികൃതർ നൽകിയ അപ്പീലാണ് വെസ്റ്റ് മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നത്. ഇന്ത്യയിലെ ജയിലുകളുടെ അവസ്ഥ പരിതാപകരമാണെന്നു മല്യയുടെ അഭിഭാഷകർ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് കൈമാറിയാൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാവും മല്യയെ പാർപ്പിക്കുകയെന്നും വൈദ്യസഹായം നൽകുമെന്നും ഇന്ത്യൻ അധികൃതർ കോടതിയെ അറിയിച്ചിരുന്നു.

2016 മാർച്ചിലാണ് മല്യ ഇന്ത്യ വിട്ടത്. വ്യവസായിയെന്ന നിലയിൽ മല്യയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറുന്നതിന് യാതൊരു തടസവുമില്ലെന്നും ഇന്ത്യൻ അധികൃതർ കോടതിയെ അറിയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook