ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള വിധിക്കെതിരേ ബ്രിട്ടിഷ് സുപ്രീംകോടതിയിൽ അപ്പീൽ പോവാനുള്ള മദ്യ വ്യവസായി വിജയ് മല്യയുടെ നീക്കം പരാജയപ്പെട്ടു. 28 ദിവസത്തിനുള്ളിൽ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള ഉത്തരവിനെതിരായ അപ്പീൽ നൽകുന്നതിനായി മല്യ സമർപിച്ച അപേക്ഷ കോടതി തള്ളുകയായിരുന്നു. മല്യയുടെ വിമാനക്കമ്പനിയായിരുന്ന കിങ്ങ് ഫിഷർ എയർലൈൻസിന്റെ പേരിലുള്ള കിട്ടാക്കടങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ ഭാഗമായാണ് നാടു കടത്താനുള്ള ഉത്തരവ്. കിട്ടാക്കടവുമായി ബന്ധപ്പെട്ട് സാമ്പത്തിക തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ വകുപ്പുകൾ പ്രകാരം മല്യക്കെതിരേ ഇന്ത്യയിൽ കേസുകൾ നിലനിൽക്കുന്നുണ്ട്.
ബ്രിട്ടനിലെ വെസ്റ്റ് മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ നാടുകടത്തൽ ഉത്തരവിനെതിരേ മല്യ സമർപിച്ച ഹരജി ഏപ്രിൽ 20ന് ലണ്ടൻ ഹൈക്കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയിൽ അപ്പീൽ പോവുന്നതിന് അപേക്ഷ സമർപ്പിക്കാൻ മല്യക്ക് ഹൈക്കോടതി 14 ദിവസം അനുവദിക്കുകയും ചെയ്തു. ഇതു പ്രകാരം ഈ മാസം നാലിനാണ് മല്യ അപേക്ഷ സമർപ്പിച്ചത്. എന്നാൽ അപേക്ഷ കോടതി ഇന്ന് തള്ളുകയായിരുന്നു.
മല്യയെ നാടുകടത്താനുള്ള കീഴ്ക്കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യയും ബ്രിട്ടണും തമ്മിലുള്ള ഉഭയകക്ഷി കരാറുകൾ പ്രകാരമാണിത്. കരാർ പ്രകാാരം ബ്രിട്ടിഷ് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം ലഭിച്ചാൽ 28 ദിവസത്തിനകമാണ് മല്യയെ തിരിച്ചയക്കേണ്ടത്. എന്നാൽ ഇതിനിടെ മല്യ മേൽക്കോടതികളെ സമീപിക്കുകയായിരുന്നു.
മല്യയുടെ അപേക്ഷ സുപ്രിംകോടതി തള്ളിയതോടെ തിരിച്ചയക്കൽ നടപടികൾ 28 ദിവസത്തിനുള്ളിൽ ബ്രിട്ടണ് പുനരാരംഭിക്കാം. ബ്രിട്ടിഷ് വിദേശ കാര്യ സെക്രട്ടറി പ്രീതി പട്ടേൽ മല്യയുടെ കേസ് പരിിഗണിക്കും. ആഭ്യന്തര വകുപ്പാണ് നടപടിയിൽ അന്തിമ തീരുമാനമെടുക്കേണ്ടത്. വിദേശകാര്യ സെക്രട്ടറിയുടെ അനുവാദം ലഭിച്ചാൽ മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കും.
യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കാം
ഇനി യൂറോപ്യൻ മനുഷ്യാവകാശ കോടതിയെ സമീപിക്കാം എന്ന സാധ്യത മല്യക്ക് മുൻപിലുണ്ട്. ഇന്ത്യയിൽ നീതിപൂർവമായ വിചാരണ നടക്കില്ലെന്നും ശിക്ഷാ നടപടികളിൽ യൂറോപ്യൻ മനുഷ്യാവകാശ കൺവെൻഷൻ ശുപാർശ ചെയ്യുന്ന മാനദണ്ഡങ്ങൾ ലംഘിക്കപ്പെടും എന്നീ വാദങ്ങളുന്നയിച്ചാണ് മല്യക്ക് യൂറോപ്യൻ കോടതിയെ സമീപിക്കാനാവുക. നേരത്തേ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള വിധിക്കെതിരേ മല്യ ഉന്നയിച്ച വാദങ്ങളിലൊന്ന് മുംബൈ ആർതർ റോഡ് ജയിലിലെ പ്രശ്നങ്ങളാണ്. ജയിലിൽ സൂര്യപ്രകാശം ലഭിക്കുന്നില്ലെന്നടക്കമുള്ള പ്രശ്നങ്ങൾ മല്യ അന്ന് ചൂണ്ടിക്കാണിച്ചിരുന്നു.
Read More | പ്രളയം: കോവിഡിനൊപ്പം അധിക വെല്ലുവിളി; ഏത് സാഹചര്യവും നേരിടാൻ തയ്യാറാവണമെന്ന് മുഖ്യമന്ത്രി
പ്രവർത്തനം അവസാനിപ്പിച്ച കിങ്ങ് ഫിഷർ വിമാനക്കമ്പനിയുടെ പേരിൽ ഇന്ത്യൻ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നെടുത്ത 10,000 കോടിയുടെ വായ്പ തിരിച്ചടക്കാത്തതിനെത്തുടർന്നാണ് മല്യക്കെതിരേ നിയമനടപടികൾ ആരംഭിച്ചത്. സിബിഐ, എൻഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്, ഗുരുതര സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം എന്നീ ഏജൻസികൾ മല്യക്കെതിരേ കേസെടുത്തിരുന്നു.