ന്യൂഡൽഹി: ബാങ്കിൽനിന്നും കോടിക്കണക്കിന് രൂപ വായ്പയെടുത്ത മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ എടുത്ത പണം മുഴുവൻ തിരിച്ചു നൽകാമെന്ന് ആവർത്തിച്ച് വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് മല്യ ഇക്കാര്യം പറഞ്ഞത്. വായ്പ മുഴുവൻ അടച്ചു തീർക്കാമെന്ന തന്റെ വാഗ്ദാനവും ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലേക്ക് നാടുകടത്തലും തന്റെ കേസിൽ വരാനിരിക്കുന്ന വിധിയും തമ്മിൽ ബന്ധമില്ലെന്നും മല്യ പറഞ്ഞിട്ടുണ്ട്.
”എന്നെ നാടുകടത്തുന്നതിന്മേൽ വരാനിരിക്കുന്ന വിധിയും അടുത്തിടെ ദുബായിൽനിന്നുണ്ടായ നാടുകടത്തലും വായ്പ തിരിച്ചടയ്ക്കാമെന്ന എന്റെ വാഗ്ദാനവും തമ്മിൽ കൂട്ടിയിണക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. ഞാൻ എവിടെയാണെങ്കിലും എനിക്ക് ഒരു അപേക്ഷയേ ഉളളൂ, ഞാൻ വാഗ്ദാനം ചെയ്ത പണം സ്വീകരിക്കൂ. ഞാൻ പണം മോഷ്ടിച്ചുവെന്ന് പറയുന്നത് അവസാനിപ്പിക്കൂ,” ഇതായിരുന്നു മല്യയുടെ ട്വീറ്റ്.
അഗസ്റ്റ വെസ്റ്റ്ലാൻഡ് വിവിഐപി ഹെലികോപ്റ്റർ അഴിമതിയിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ യുഎഇ ഇന്ത്യയ്ക്കു കൈമാറിയതിനു പിന്നാലെയാണ് മല്യയുടെ ട്വീറ്റ്. വിവിധ ബാങ്കുകളിൽനിന്നും വായ്പയെടുത്ത് മുങ്ങിയ മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന ഹർജിയിൽ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുളളത്.
വായ്പയെടുത്ത മുഴുവന്‍ തുകയും താന്‍ തിരിച്ചടയ്ക്കാമെന്ന് ഇന്നലെയാണ് മല്യ ട്വിറ്ററിലൂടെ അറിയിച്ചത്. 100 ശതമാനം തുകയും തിരിച്ചടയ്ക്കാമെന്നും ‘ദയവ് ചെയ്ത് സ്വീകരിക്കണം’ എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ബാങ്കിലെ പണം തിരിച്ചടയ്ക്കാതെ ഞാൻ കടന്നുകളഞ്ഞുവെന്നാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം വിളിച്ചു പറയുന്നത്. ഇത് കളവാണ്. എന്ത് കൊണ്ട് കർണാടക ഹൈക്കോടതിക്ക് മുമ്പിലുള്ള തന്റെ ഒത്തുതീർപ്പ് വാഗ്ദാനം ചർച്ചയാകുന്നില്ലെന്നും മല്യ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. മൂന്ന് പതിറ്റാണ്ടായി രാജ്യത്തിന് വേണ്ടി തന്റെ വ്യാപാര ഗ്രൂപ്പ് പണം ചെലവഴിച്ചിട്ടുണ്ടെന്നും മല്യ പറഞ്ഞു. കിങ്ഫിഷര്‍ തകര്‍ന്നപ്പോഴും പണം തിരികെ അടയ്ക്കാമെന്നാണ് താന്‍ പറയുന്നത്. ദയവായി സ്വീകരിക്കണമെന്നും മല്യ പറയുന്നു.
വായ്പയെടുത്ത 9000 കോടിയുമായി 2016 മാര്‍ച്ചിലാണ് മല്യ രാജ്യം വിട്ടത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മല്യയെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി അദ്ദേഹം ഇന്ത്യയിലേക്ക് വരാതിരിക്കാന്‍ ബ്രിട്ടനില്‍ പോരാടുന്നുണ്ട്.