ലണ്ടൻ: വിജയ് മല്യക്ക് യുകെ ഹൈക്കോടതിയിൽനിന്നും തിരിച്ചടി. ബ്രിട്ടനിൽനിന്ന് ഇന്ത്യയിലേക്ക് നാടുകടത്താനുളള നീക്കത്തിനെതിരെ മല്യ നൽകിയ അപ്പീൽ കോടതി തളളി. ഇതോടെ കേസ് യുകെ ആഭ്യന്തര സെക്രട്ടറിക്കു മുന്നിലെത്തി. വിജയ് മല്യയെ നാടുകടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ യുകെ ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ ആയിരിക്കും അന്തിമ തീരുമാനമെടുക്കുക.
വായ്പാ തട്ടിപ്പു കേസിൽ പ്രഥമദൃഷ്ട്യാ മല്യ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനാൽ കഴിഞ്ഞ ഡിസംബറിൽ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതി മല്യയെ ഇന്ത്യക്കു കൈമാറാൻ ഉത്തരവിട്ടിരുന്നു. ഇന്ത്യ നൽകിയ അപേക്ഷയിലായിരുന്നു കോടതി വിധി. കോടതി ഉത്തരവ് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിക്കുകയും ചെയ്തു. തുടർന്നാണ് മല്യ കോടതിയെ സമീപിച്ചത്.
ഇന്ത്യയിലെ വിവിധ ബാങ്കുകളിൽനിന്നായി 9000 കോടിയുടെ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ വിജയ് മല്യ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു. 2016 മാർച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്. തുടർന്ന് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം മല്യയെ പിടികിട്ടാപ്പുള്ളിയായി ഇന്ത്യ പ്രഖ്യാപിച്ചു.
Read Also: ലോക്ക്ഡൗണ്‍ ഇളവ്: സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വായ്പയെടുത്ത മുഴുവന്‍ തുകയും താന്‍ തിരിച്ചടയ്ക്കാമെന്ന് മല്യ ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു. 100 ശതമാനം തുകയും തിരിച്ചടയ്ക്കാമെന്നും ‘ദയവ് ചെയ്ത് സ്വീകരിക്കണം’ എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ബാങ്കിലെ പണം തിരിച്ചടയ്ക്കാതെ ഞാൻ കടന്നുകളഞ്ഞുവെന്നാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം വിളിച്ചു പറയുന്നത്. ഇത് കളവാണ്. എന്ത് കൊണ്ട് കർണാടക ഹൈക്കോടതിക്ക് മുമ്പിലുള്ള തന്റെ ഒത്തുതീർപ്പ് വാഗ്ദാനം ചർച്ചയാകുന്നില്ലെന്നും മല്യ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. മൂന്ന് പതിറ്റാണ്ടായി രാജ്യത്തിന് വേണ്ടി തന്റെ വ്യാപാര ഗ്രൂപ്പ് പണം ചെലവഴിച്ചിട്ടുണ്ടെന്നും മല്യ പറഞ്ഞു. കിങ്ഫിഷര്‍ തകര്‍ന്നപ്പോഴും പണം തിരികെ അടയ്ക്കാമെന്നാണ് താന്‍ പറയുന്നത്. ദയവായി സ്വീകരിക്കണമെന്നും മല്യ പറഞ്ഞിരുന്നു.
Read in English: Vijay Mallya loses appeal in UK High Court against extradition to India