ലണ്ടൻ: രാജ്യം പിടികിട്ടാപുളളിയായി പ്രഖ്യാപിച്ചിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ കേന്ദ്രസർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോടികളുടെ വെട്ടിപ്പ് നടത്തി രാജ്യംവിട്ട വിവാദ മദ്യവ്യവസായി വിജയ് മല്യ ലണ്ടനിൽ ആഡംബര ജീവിതം നയിക്കുകയാണ്.

ഇംഗ്ലണ്ടിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മൽസരം കാണാനെത്തിയ വിജയ് മല്യയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓവലിൽ നടക്കുന്ന അഞ്ചാം ടെസ്റ്റ് മൽസരം കാണാനെത്തിയ മല്യയുടെ ദൃശ്യങ്ങൾ എഎൻഐയാണ് പുറത്തുവിട്ടത്. ഓവൽ ക്രിക്കറ്റ് ഗ്യാലറിയിലേക്ക് വിജയ് മല്യ പോകുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുളളത്. ഇതിനു മുൻപും ക്രിക്കറ്റ് മൽസരം കാണാനെത്തിയ മല്യയുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

വിവിധ ബാങ്കുകളിൽ നിന്നായി ഒൻപതിനായിരം കോടി രൂപയുടെ വായ്‌പയെടുത്ത് വിദേശത്തേക്ക് കടന്ന വ്യവസായിയാണ് വിജയ് മല്യ. 9,990.07 കോടി രൂപയാണ് പലിശയടക്കം വിജയ് മല്യ തിരിച്ചടക്കാനുള്ളത്. 13,500 കോടി രൂപ വിലമതിക്കുന്ന മല്യയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തിട്ടുണ്ട്. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യം വിടുന്നവരുടെ സ്വത്തുവകകള്‍ കണ്ടുകെട്ടാന്‍ അധികാരം നല്‍കുന്ന പുതിയ ഓര്‍ഡിനന്‍സിലൂടെ ഇന്ത്യയിലുള്ള മല്യയുടെ സ്വത്തുക്കള്‍ അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തത്.

വിജയ് മല്യയെ നാടുകടത്തണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെതിരെ മല്യ നിയമപോരാട്ടത്തിലാണ്. ഇന്ത്യയിലെ ജയിലുകളുടെ നില അതീവമോശമെന്നാണ് മല്യയുടെ വാദം. ഇത് സംബന്ധിച്ച പരാതിയിൽ മുംബൈയിലെ ആർതർ ജയിലിൽനിന്നുളള ദൃശ്യങ്ങൾ ഹാജരാക്കാൻ ഇംഗ്ലണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്.

അതിനിടെ, ഇന്ത്യയിലെ സ്വത്തുക്കൾ പിടിച്ചെടുത്തതോടെ ബ്രിട്ടനിൽനിന്നും ഇന്ത്യയിലേക്ക് മടങ്ങി വരാൻ വിജയ് മല്യ ദൂതൻ മുഖേന കേന്ദ്രസർക്കാരിനെ അറിയിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത് നിഷേധിച്ച് മല്യ രംഗത്തെത്തി.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ