ഡൽഹി: മദ്യ വ്യവസായി ആയിരുന്ന വിജയ് മല്യക്കെതിരെ നിയമത്തിന്റെ കുറുക്കു മുറുകുന്നു. ഫെറ കേസിൽ ഡൽഹി കോടതി മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.

കഴിഞ്ഞ ഏപ്രിൽ 12 നു കോടതി മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. യു കെ യിൽ അഭയം തേടിയിരിക്കുന്ന മല്യ കോടതിയുടെ ആവർത്തിച്ചുള്ള സമൻസുകൾ നിരാകരിച്ചു.കോടതിയുടെ സമൻസുകൾ കൈപറ്റാതിരിക്കുകയും കോടതിക്ക് മുന്നിൽ ഹാജരാകാനുള്ള ഉത്തരവ് ലംഘിക്കുകയും ചെയ്ത മല്യയെ കുറ്റക്കാരനായി പ്രഖ്യാപിക്കുകയാണ് എന്ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് ദീപക്ക് ഷെരാവത് ഉത്തരവിൽ പറഞ്ഞു.

ലണ്ടനിലും യൂറോപ്പിലുമായി നടന്ന ഫോർമുല വൺ കാറോട്ട മത്സരത്തിനിടെ കിങ്ഫിഷർ കമ്പനിയുടെ ലോഗോ പ്രദർശിപ്പിക്കുന്നതിനു ബ്രിട്ടീഷ് കമ്പനിക്കു 2,00000 ഡോളർ നൽകിയതിനാണ് മല്യക്കെതിരെ ഫെറ നിയമപ്രകാരം കേസുള്ളത്. ആർ ബി ഐ യുടെ അനുമതിയില്ലാതെയാണ് ഈ ഇടപാട് നടന്നിരിക്കുന്നതെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

കേസിൽ മല്ല്യ നേരിട്ട് ഹാജരായി കോടതി നടപടികൾ നേരിടണം എന്ന് കോടതി നിർദേശം നൽകിയിരുന്നു. കേസ് ഇപ്പോൾ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. 2014 നവംബർ നാലിന് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കവേ , രാജ്യത്തിന്റെ നിയമത്തിനു മല്യ പുല്ലു വിലയാണ് കല്പിക്കുന്നതെന്നു കോടതി വിമർശിച്ചിരുന്നു. ഇതിനെതിരെ ശക്തമായ നടപടി മല്യക്കെതിരെ കൈക്കൊള്ളണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

തൻറെ പാസ്പോര്ട്ട് ഇന്ത്യ റദ്ദാക്കിയതാണ് ഇന്ത്യയിലെത്താനുള്ള തടസമെന്ന മല്യയുടെ വാദത്തെ കോടതി രൂക്ഷമായി വിമർശിച്ചു.

തുടർന്ന് സെപ്റ്റംബർ ഒമ്പതിന്  കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവ് നൽകി. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബെനിറ്റൻ ഫോർമുല ലിമിറ്റഡ് എന്ന കമ്പനിയുമായി നടന്ന ഇടപാടിൽ ചോദ്യം ചെയ്യലിനായി ഹാജരാകാൻ നാല് തവണ മല്യയോട് ആവശ്യപ്പെട്ടിരുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മല്യ ഇത് ചെവികൊള്ളാതിരുന്ന സാഹചര്യത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിക്കുകയും ഫെറ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ