ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൈവരിച്ച കോണ്‍ഗ്രസിനെ അഭിനന്ദിച്ച് വിവാദ വ്യവസായി വിജയ് മല്യ, ബാങ്കുകളില്‍ നിന്നും 9000 കോടി രൂപ വായ്പയെടുത്ത് മുങ്ങിയ മല്യയെ ഇന്ത്യയ്ക്ക് വിട്ടു കൊടുക്കണമെന്ന് കഴിഞ്ഞ ദിവസം ബ്രിട്ടനിലെ കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കളായ സച്ചിന് പൈലറ്റിനേയും ജ്യോതിരാദിത്യ സിന്ധ്യയേയും അദ്ദേഹം അഭിനന്ദിച്ചത്.
ട്വിറ്ററിലൂടെയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഭരണം പിടിച്ച കോണ്‍ഗ്രസിനെ അദ്ദേഹം അഭിനന്ദിച്ചത്. ‘യുവ ചാമ്പ്യന്മാരായ സച്ചിന് പൈലറ്റും ജ്യോതിരാദിത്യ സിന്ധ്യും, അഭിനന്ദനങ്ങള്‍,’ എന്നാണ് മല്യ കുറിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ സച്ചിന് പൈലറ്റിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം കൈവരിച്ചത്. അതേസമയം മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിന്റെ പോരാട്ടം നയിച്ചു.
മല്യയെ ഇന്ത്യക്ക് വിട്ടുനൽകാൻ യുകെയിലെ കോടതി ഉത്തരവിട്ടിട്ടുണ്ട്. മല്യയെ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ട് ഇന്ത്യ നൽകിയ അപേക്ഷയിൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കോടതിയാണ് വിധി പറഞ്ഞത്. മല്യക്ക് 14 ദിവസത്തിനകം മേൽക്കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു.
Young Champions @SachinPilot and @JM_Scindia Many congratulations.
— Vijay Mallya (@TheVijayMallya) December 13, 2018
വിവിധ ബാങ്കുകളിൽനിന്നായി കോടിക്കണക്കിന് രൂപയുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വിജയ് മല്യ ലണ്ടനിലാണ് ഉളളത്. 2 വർഷമായി മല്യയെ വിട്ടു കിട്ടാൻ ഇന്ത്യ ശ്രമിക്കുകയായിരുന്നു. പൊതുമേഖല ബാങ്കുകളെ വഞ്ചിച്ച് 9000 കോടി രൂപ തട്ടിയെടുത്തുവെന്നതാണ് മല്യക്കെതിരായ പ്രധാന കേസ്. കളളപ്പണം വെളുപ്പിച്ചു, വായ്പ തുക വകമാറ്റി ചെലവഴിച്ചു എന്നീ കുറ്റങ്ങളും മല്യക്ക് മേൽ ചുമത്തിയിട്ടുണ്ട്.
വായ്പയെടുത്ത മുഴുവന്‍ തുകയും താന്‍ തിരിച്ചടയ്ക്കാമെന്ന് മല്യ ട്വിറ്ററിലൂടെ നേരത്തെ അറിയിച്ചിരുന്നു. 100 ശതമാനം തുകയും തിരിച്ചടയ്ക്കാമെന്നും ‘ദയവ് ചെയ്ത് സ്വീകരിക്കണം’ എന്നുമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ‘ബാങ്കിലെ പണം തിരിച്ചടയ്ക്കാതെ ഞാൻ കടന്നുകളഞ്ഞുവെന്നാണ് രാഷ്ട്രീയക്കാരും മാധ്യമങ്ങളും നിരന്തരം വിളിച്ചു പറയുന്നത്. ഇത് കളവാണ്. എന്ത് കൊണ്ട് കർണാടക ഹൈക്കോടതിക്ക് മുമ്പിലുള്ള തന്റെ ഒത്തുതീർപ്പ് വാഗ്ദാനം ചർച്ചയാകുന്നില്ലെന്നും മല്യ മറ്റൊരു ട്വീറ്റിലൂടെ ചോദിച്ചു. മൂന്ന് പതിറ്റാണ്ടായി രാജ്യത്തിന് വേണ്ടി തന്റെ വ്യാപാര ഗ്രൂപ്പ് പണം ചെലവഴിച്ചിട്ടുണ്ടെന്നും മല്യ പറഞ്ഞു. കിങ്ഫിഷര്‍ തകര്‍ന്നപ്പോഴും പണം തിരികെ അടയ്ക്കാമെന്നാണ് താന്‍ പറയുന്നത്. ദയവായി സ്വീകരിക്കണമെന്നും മല്യ പറയുന്നു.