മുംബൈ: വിവിധ ബാങ്കുകളില്‍ നിന്നും കോടികള്‍ വായ്പ എടുത്ത ശേഷം തിരിച്ചടക്കാതെ രാജ്യം വിട്ട വിജയ് മല്യയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഫ്യുജിറ്റീവ് എക്കണോമിക് ഒഫന്‍ഡേഴ്‌സ് ആക്ട് പ്രകാരമാണ് നടപടി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയിലാണ് നടപടിയെടുത്തിരിക്കുന്നത്. ഇതോടെ മല്യയുടെ സ്വത്ത് സര്‍ക്കാരിന് കണ്ടു കെട്ടാനാകും.

മുംബൈ അഴിമതിവിരുദ്ധ കോടതിയുടേതാണ് നടപടി. ഈ നിയമം പ്രകാരം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്ന ആദ്യത്തെ പ്രമുഖ വ്യവസായിയാണ് മല്യ. സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ മല്യ ചെയ്തതിന് തെളിവുണ്ടെന്ന് കണ്ടെത്തിയാണ് കോടതി നടപടി.

സാമ്പത്തിക കുറ്റകൃത്യം നടത്തിയതിന് ശേഷം രാജ്യം വിട്ടവരെ പിടികൂടുന്നതിനായി പുതിയ നിയമത്തില്‍ കഴിഞ്ഞ വര്‍ഷം രാഷ്ട്രപതി ഒപ്പുവെച്ചിരുന്നു. ഈ നിയമം പ്രകാരമാണ് ഇന്നത്തെ നടപടി. മല്യയ്ക്ക് പുറമെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളായി രാജ്യം വിട്ട നീരവ് മോദി, മെഹുല്‍ ചോക്‌സി എന്നിവരും നിരീക്ഷണത്തിലാണ്.

2016 ലായിരുന്നു മല്യ രാജ്യം വിട്ടത്.നഷ്ടത്തിലായ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനു വേണ്ടിയെന്നു പറഞ്ഞാണ് വിവിധ ബാങ്കുകളില്‍ നിന്ന് മല്യ വായ്പകളെടുത്തത്. പലിശയടക്കം 9000 കോടി രൂപ 17 ബാങ്കുകള്‍ക്കായി നല്‍കാനുള്ളപ്പോഴാണ് മല്യ നാടുവിട്ടത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ