ന്യൂഡൽഹി: വിവാദ വ്യവസായി വിജയ് മല്യയുടെ ആസ്തികൾ കണ്ടുകെട്ടുന്ന നടപടികൾക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടക്കം കുറിച്ചു. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന (PMLA) നിയമം അനുസരിച്ച് ഇപ്പോൾ പ്രവർത്തനം നിലച്ച കിംഗ്ഫിഷർ എയർലൈൻസ് ലിമിറ്റഡിന്റെ ഓഹരികൾ സർക്കാർ കണ്ടുകെട്ടി. ഇതിന്റെ ചെയർമാനാണ് വിജയ് മല്യ.

900 കോടി രൂപയുടെ കള്ളപ്പണം വിജയ് മല്യ വെളുപ്പിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രത്തിൽ ആരോപിക്കുന്നു. ഇദ്ദേഹത്തിനെതിരെ കള്ളപ്പണ നിരരോധന നിയമ പ്രകാരം ക്രിമിനൽ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

പ്രത്യക്ഷമായും പരോക്ഷമായും വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രവറീസ് ലിമിറ്റഡിന്റെ 100 കോടി വില വരുന്ന ഓഹരികളാണ് സ്റ്റോക് ഹോൾഡിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യ സർക്കാരിലേക്ക് കണ്ടുകെട്ടിയത്.

രണ്ട് മാസം മുൻപ് ഇത് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എസ്എച്ച്‌സിഐക്ക് കത്തയച്ചിരുന്നു. യുബിഎല്ലിന് പുറമേ യുഎച്ച്എൽ, മകഡൊവൽസ് ഹോൾഡിംഗ്സ് ലിമിറ്റഡ് എന്നിവയുടെ 4000 കോടി മൂല്യം വരുന്ന ആസ്തികളും കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ 9ാം വകുപ്പ് പ്രകാരം കണ്ടുകെട്ടാനാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook