ലണ്ടൻ: ഇന്ത്യയിലെ ബാങ്കുകളിൽ നിന്നും വൻ തുക വെട്ടിച്ചതിന് ലണ്ടനില്‍ പിടിയിലായി ജാമ്യത്തില്‍ ഇറങ്ങിയതിന് പിന്നാലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളെ വിമര്‍ശിച്ച് വിവാദ വ്യവസായി വിജയ് മല്യ. പതിവുപോലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ അ​മി​തപ്രചാരം തു​ട​ങ്ങി​യെ​ന്നും എ​ന്നാ​ൽ ത​ന്നെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റാ​നു​ള്ള വാ​ദം കോ​ട​തി​യി​ൽ ഇ​ന്ന് പ്ര​തീ​ക്ഷി​ച്ചത് പോലെ ആരംഭിച്ചെന്നും അ​ദ്ദേ​ഹം ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി ജാമ്യം നല്‍കിയതിന് പിന്നാലെയാണ് മല്യയുടെ പ്രതികരണം.  ബ്രീട്ടിഷ് പൗരത്വം ഉള്ള വിജയ് മല്യക്ക് ബ്രിട്ടീഷ് നിയമങ്ങള്‍ തുണയായതാണ് ജാമ്യം ലഭിക്കാന്‍ കാരണം. ഇതോടെ വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള സിബിഐയുടെ നീക്കങ്ങൾ പ്രതിസന്ധിയിലായി. ഇന്ത്യയിൽ 9000 കോടിരൂപയുടെ കുടിശ്ശിക​ വരുത്തിയ മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

ലണ്ടനിൽ വെച്ച് സ്കോട്ട്‌ലൻഡ് യാഡാണ് വിജയ് മല്യയെ കസ്റ്റഡിയിൽ എടുത്തത്. കുറ്റവാളികളെ കൈമാറാനുള്ള കരാർ പ്രകാരമാണ് സ്കോട്ട്ലൻഡ് യാർഡ് മല്യയെ കസ്റ്റഡയിൽ എടുത്തത്. ലണ്ടനിൽ അഭയം പ്രാപിച്ച വിജയ് മല്യയെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തിയത്.

മറ്റ് കേസുകളിൽ ബ്രിട്ടനിൽ ഒളിച്ചുകഴിയുന്ന ലളിത് മോദി, ടൈഗർ മേമൻ എന്നിവരെയും വിട്ടുനൽകണമെന്ന് ഇന്ത്യൻ പ്രതിനിധികൾ ബ്രിട്ടീഷ് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് പ്രതിനിധികൾ ഇരുവർക്കുമെതിരായ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് മല്യയ്‌ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി.

കിംഗ് ഫിഷർ എയർലൈൻസിന് വേണ്ടിയാണ് മല്യ വൻതുകകൾ ബാങ്കിൽ നിന്നും വായ്പയായി വാങ്ങിയത്. വൻ മുതൽ മുടക്കിൽ തുടങ്ങിയ കിംഗ് ഫിഷർ എയർലൈൻസ് നഷ്ടത്തിലായതോടെ കമ്പനി അടച്ചുപൂട്ടുകയായിരുന്നു. പിന്നീട് ബാങ്ക് ലോണുകൾ അടയ്ക്കാതെ മല്യ രാജ്യം വിടുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ