മുംബൈ: സാമ്പത്തിക കുറ്റകൃത്യങ്ങളിൽ കിംഗ്ഫിഷർ എയർലൈൻസിനെതിരെ കോടതിയിൽ നിലപാടെടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, വിജയ് മല്യ കള്ളപ്പണം വെളുപ്പിച്ചിട്ടുള്ളതായും വ്യക്തമാക്കി. മുംബൈയിലെ കോടതിയിലാണ് വിമാനക്കമ്പനിയ്ക്ക് എതിരായ 900 കോടിയുടെ വായ്പ കുടിശികയുമായി ബന്ധപ്പെട്ട കേസിൽ പരാതി സമർപ്പിച്ചിരിക്കുന്നത്.
വിമാനക്കമ്പനിയുടെ നടത്തിപ്പിനായി ഐഡിബിഐ ബാങ്കിൽ നിന്നെടുത്ത 900 കോടിയിൽ 417 കോടി വിദേശത്തെ അക്കൗണ്ടുകളിലേക്ക് ഇദ്ദേഹം മാറ്റിയെന്നാണ് ഇതിൽ വ്യക്തമാക്കുന്നത്. കള്ളപ്പണ നിരോധന നിയമത്തിലെ മൂന്നും നാലും വകുപ്പുകളാണ് ഇദ്ദേഹത്തിന് മുകളിൽ ചുമത്താൻ ശുപാർശ ചെയ്തിരിക്കുന്നത്.
വായ്പയ്ക്ക് തുല്യമായ ആസ്തി ഈടുവയ്ക്കാതിരിക്കാൻ അഞ്ച് ഐഡിബിഐ ബാങ്ക് ഉദ്യോഗസ്ഥരെ ഇദ്ദേഹം വിലക്കെടുത്തെന്നും പരാതിയിൽ പരമാർശിക്കുന്നുണ്ട്. ഇങ്ങിനെയാണ് സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്ന സ്ഥാപനത്തിന് ഐഡിബിഐ ബാങ്കിൽ നിന്ന് വായ്പ ലഭിച്ചതെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കിയിരിക്കുന്നത്.
മൗറിഷ്യസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയ്ക്ക് കിംഗ്ഫിഷർ എയർലൈൻസിന്റെ പേരിൽ പണം രണ്ട് തവണയായി കൈമാറിയെന്നാണ് എൻഫോഴ്സ്മെന്റ് വാദം. 2007 നും 2013 നു ഇടയിലാണിത്. വിമാനങ്ങൾ വാടകയ്ക്കെടുത്തതിന്റെ പേരിലാണ് അധിക തുക കൈമാറിയിരിക്കുന്നത്. 73000 ഡോളറാണ് കൈമാറിയത്.
മൗറിഷ്യസ് കമ്പനിയുടെ ഉടമകൾ മുൻ യുബി ഗ്രൂപ്പ് ജീവനക്കാരാണെന്നും കണ്ടെത്തിയിട്ടുണ്ട്. 900 കോടി വായ്പയിിൽ നിന്ന് 53 കോടി രൂപ മല്യയുടെ ഫോർമുല വൺ ഫോഴ്സ് ഇന്ത്യ ടീമിലേക്ക് കൈമാറി. 70 കോടി യുബി ഗ്രൂപ്പിന് കീഴിലെ മറ്റ് രണ്ട് സ്ഥാപനങ്ങളിലേക്കാണ് മാറ്റിയത്.
സാമ്പത്തിക കുറ്റാന്വേഷണ കേസിൽ ഡിസംബർ നാല് വരെ മല്യയ്ക്ക് ഇംഗ്ലണ്ടിൽ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ച് ഒരു ദിവസം പിന്നിട്ടപ്പോഴാണ് എൻഫോഴ്സ്മെന്റ് പരാതി നൽകിയത്.
തനിക്കെതിരായുള്ള കേസുകളിൽ നിരപരാധിത്വം തെളിയിക്കാൻ ആവശ്യത്തിന് തെളിവുകൾ കൈയ്യിലുണ്ടെന്ന് വിജയ് മല്യ വാദിച്ചിരുന്നത്.
വിവിധ ബാങ്കുകൾ തനിക്കെതിരായി നൽകിയ പരാതികൾ ഒന്നാകെ തള്ളിക്കളഞ്ഞ മല്യ “നിരപരാധിത്വം തെളിയിക്കാൻ ആവശ്യത്തിന് തെളിവുകൾ എന്റെ പക്കലുണ്ട്” എന്ന് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഇദ്ദേഹത്തിന്റെ 100 കോടി രൂപ വിലമതിക്കുന്ന കടൽത്തീര ഫാം ഹൗസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയത്. മഹാരാഷ്ട്ര റായ്ഗാഡ് ജില്ലയിലെ അലിബാഗിലുള്ള ഫാം ഹൗസാണ് കണ്ടുകെട്ടിയത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് നടപടി.
17 ഏക്കർ വിസ്തൃതിയുള്ള ഫാം ഹൗസ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇഡി താൽക്കാലികമായി ഏറ്റെടുത്തിരുന്നു. മല്യ നിയന്ത്രിക്കുന്ന മാന്ദ്വ ഫാം പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. വെറും 25 കോടി രൂപ മാത്രമാണ് മൂല്യമെന്ന് കാണിച്ചിട്ടുളള വസ്തുവിന് വിപണിവിലയായി 100 കോടിയാണ് ഇഡി കണക്കാക്കിയത്.
ഫാം ഹൗസ് കഴിഞ്ഞ വർഷം ഏറ്റെടുത്ത ഇഡിയുടെ നടപടി ചോദ്യം ചെയ്ത് മാന്ദ്വ ഫാം പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തിയിരുന്നു. എന്നാല്‍ അപ്പീല്‍ കോടതി ഇത് തള്ളിക്കളയുകയായിരുന്നു. തുടര്‍ന്നാണ് വസ്തു ഇഡി തന്നെ ഏറ്റെടുത്തത്. വിവിധ ബാങ്കുകളിൽ നിന്നായി എടുത്ത 9000 കോടി തിരിച്ചടക്കാത്തതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കുറ്റം ചുമത്തിയാണ് ഇഡി മല്യയ്ക്കെതിരെ അന്വേഷണം നടത്തുന്നത്.
ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിജയ് മല്യയെ ഏപ്രിലിൽ ലണ്ടനിൽ വെച്ച് സ്കോട്ട്ലൻഡ് യാഡ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ പിന്നീട് കോടതി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. ബാങ്കുകൾ നിയമനടപടിയുമായി മുന്നോട്ട് പോയ ശേഷം സുപ്രീം കോടതി മല്യക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം രാജ്യം വിട്ടത്.
ലണ്ടനിൽ അഭയം പ്രാപിച്ച വിജയ് മല്യയെ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മിൽ ധാരണയിൽ എത്തിയിരുന്നു. ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ബ്രിട്ടനിൽ നിന്നുള്ള പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാൽ കോടതിയിൽ നിന്ന് അനുകൂല വിധി നേടിയ വിജയ് മല്യ ഇംഗ്ലണ്ടിൽ തന്നെ കഴിയുകയാണ്.
അതേസമയം ഇംഗ്ലണ്ടിൽ നടക്കുന്ന ചാംപ്യൻസ് ട്രോഫി മത്സരം കാണാൻ ഇദ്ദേഹം എത്തിയത് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. താൻ ഇനിയും കളി കാണാനെത്തുമെന്നാണ് വിജയ് മല്യ പ്രതികരിച്ചത്. ഇവിടെയുണ്ടായിരുന്ന മറ്റ് ഇന്ത്യാക്കാർ വിജയ് മല്യയെ കള്ളനെന്ന് വിളിച്ച് ആക്ഷേപിച്ചിരുന്നു.
മറ്റ് കേസുകളിൽ ബ്രിട്ടനിൽ ഒളിച്ചുകഴിയുന്ന ലളിത് മോദി, ടൈഗർ മേമൻ എന്നിവരെയും വിട്ടുനൽകണമെന്ന് ഇന്ത്യൻ പ്രതിനിധികൾ ബ്രിട്ടീഷ് പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ബ്രിട്ടീഷ് പ്രതിനിധികൾ ഇരുവർക്കുമെതിരായ കേസിന്റെ കൂടുതൽ വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. വിജയ് മല്യയ്ക്കെതിരെ മുംബൈയിലെ പ്രത്യേക കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ട് മാസങ്ങളായി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook