ചെന്നൈ: മെർസലിനെ ചൊല്ലി ബിജെപി പ്രവർത്തകരും വിജയ് ഫാൻസും തമ്മിലുള്ള വാക്പോരിന് ഇനിയും ശമനമായില്ല. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചതിന് നടൻ വിജയ്‌യുടെ ആരാധകനെ തമിഴ്നാട്ടിലെ ശ്രീവില്ലിപുത്തൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു.

ബിജെപി ജില്ലാ സെക്രട്ടറി കെ.മാരിമുത്തുവിന്റെ പരാതിയിലാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. വിരുദുനഗർ സ്വദേശിയും എൻജിനീയറിങ് ഡിപ്ലോമ ബിരുദധാരിയുമായ തിരുമുരുഗനാണ് പിടിയിലായത്. ഐടി നിയമം 2000 സെക്ഷൻ 67 പ്രകാരമാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. സിആർപിസി 505 വകുപ്പും ചുമത്തിയിട്ടുണ്ട്. ഫെയ്സ്ബുക്ക് മെസഞ്ചറിലും പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഇയാൾ നടത്തിയതായാണ് കണ്ടെത്തൽ.

മെർസൽ സിനിമയിൽ ജിഎസ്ടി, ഡിജിറ്റൽ ഇന്ത്യ, നോട്ട് നിരോധനം തുടങ്ങിയ കേന്ദ്ര നയങ്ങളെ വിമർശിച്ചതിന് പിന്നാലെ ബിജെപി പ്രവർത്തകർ സിനിമയ്ക്കെതിരെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ വിജയ് ആരാധകർ ശക്തമായി രംഗത്ത് ഇറങ്ങിയതോടെ സംഭവം വലിയ വിവാദത്തിന് തിരികൊളുത്തി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ