ഹൈദരാബാദ്: ലൈഗര്‍ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ തെലുങ്ക് നടന് വിജയ് ദേവരക്കൊണ്ടയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തു. ഹൈദരാബാദിലെ ഇഡി റീജിയണല്‍ ഓഫീസിലാണ് നടന് ഹാജരായത്. നേരത്തെ ചിത്രത്തിന്റ സംവിധായകന് പുരി ജഗന്നാഥ്, നടിയും നിര്‍മ്മാതാവുമായ ചാര്‍മി കൗര്‍ എന്നിവരെയും ഇഡി ചോദ്യം ചെയ്തിരുന്നു.
ചിത്രത്തിനായുള്ള സാമ്പത്തിക ഉറവിടങ്ങള്‍, പ്രതിഫലം, മൈക്ക് ടൈസണ്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ക്ക് നല്കിയ പണം എന്നിവയെക്കുറിച്ചാണ് ഇ ഡി അന്വേഷണം നടക്കുന്നത്. ഫോറിന് എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) ലംഘനത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കള്ളപ്പണം വെളുപ്പിക്കാന്‍ 125 കോടിയുടെ സിനിമയില്‍ നിരവധി രാഷ്ട്രീയക്കാര്‍ നിക്ഷേപം നടത്തിയെന്ന് ആരോപിച്ച് വാറങ്കലില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവ് ബക്ക ജഡ്സണ് ഇഡിക്ക് പരാതി നല്‍കിയിരുന്നു.
ഈ വര്‍ഷം ഓഗസ്റ്റ് 25നാണ് വിജയ് ദേവരക്കൊണ്ട നായകനായി എത്തിയ ലൈഗര്‍ തിയറ്ററുകളില്‍ എത്തിയത്. പുരി ജഗന്നാഥ് ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. യാഷ് രാജ് ഫിലിംസാണ് ചിത്രത്തിന്റെ വിതരണം. അനന്യ പാണ്ഡെ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.