സാന്ദ്രയും വിജയ്ബാബുവും പഴയ പോലെ സൗഹൃദത്തിലേക്ക് തിരികെയെത്തി. തർക്കങ്ങളെല്ലാം തീർന്നപ്പോൾ മനസ്സ് തുറക്കുകയാണ് വിജയ്ബാബു. സാന്ദ്ര തോമസ് ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് അവധിയെടുത്തിരിക്കുന്നു. ഫ്രൈഡേ ഹൗസ് ബാനറിൽ നിർമ്മാണം ഇനി വിജയ് ബാബു മാത്രമാകും. സാന്ദ്രയുമായുള്ള സൗഹൃദത്തിൽ സംഭവിച്ചത് എന്തെന്ന് വിജയ് ബാബു തന്നെ പറയുന്നു.
സാന്ദ്ര നിർമ്മാണരംഗത്ത് നിന്ന് മാറി നിൽക്കുന്നത്
തികച്ചും വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് സാന്ദ്ര മാറി നിൽക്കാൻ തീരുമാനിച്ചത്. കല്യാണം കഴിഞ്ഞപ്പോൾ കുടുംബജീവിതവുമായി മുന്നോട്ട് പോകേണ്ടതായി വരുമല്ലോ. അങ്ങിനെയൊരാവശ്യം കൊണ്ടാണ് മാറിനിൽക്കുന്നത്. അവർ ഒരു ഇടവേള എടുക്കുന്നുവെന്നേ ഉള്ളൂ. എപ്പോൾ വേണമെങ്കിലും അവർക്ക് തിരികെ വരാം. അവർ എപ്പോൾ വന്നാലും ഫ്രൈഡേ ഹൗസിന്റെ ഭാഗമായി ഞങ്ങൾ ഒരുമിച്ച് സിനിമ എടുക്കും.
സാന്ദ്രയുമായുള്ള തർക്കത്തെ കുറിച്ച്
ഞാൻ അടിച്ചു എന്നൊക്കെയുള്ളത് തെറ്റായ കാര്യങ്ങളാണ്. സാധാരണ ഞങ്ങൾക്കിടയിൽ തർക്കങ്ങൾ ഉണ്ടാകാറുണ്ട്. അപ്പോഴൊക്കെ പരസ്പരം സംസാരിച്ച് തീർക്കുകയാണ് ചെയ്തിരുന്നത്. സാന്ദ്രയുടെ വിവാഹം കഴിഞ്ഞ ശേഷം, ആളുമായി സംസാരിക്കാൻ സാധിച്ചത് കുറവാണ്. മറ്റ് പലരും ഇടപെട്ടപ്പോഴാണ് തെറ്റിദ്ധാരണകൾ ഉണ്ടായത്. അതിപ്പോൾ പൂർണ്ണമായും പരിഹരിക്കപ്പെട്ടു. ഞങ്ങൾക്കിടയിൽ ഇപ്പോൾ പ്രശ്നങ്ങളില്ല. പഴയതുപോലെ ശക്തമായ സൗഹൃദം തന്നെയാണ് ഉള്ളത്.
ഫ്രൈഡേ ഹൗസിന് പുതിയ പങ്കാളി?
ആറ് വർഷത്തെ സൗഹൃദമാണ് ഞാനും സാന്ദ്രയുമായി. രണ്ട് ദിശകളിലായിരുന്ന ഞങ്ങൾ ഒരുമിച്ച് സിനിമയെന്ന താത്പര്യം മനസ്സിലാക്കി മുന്നോട്ട് പോവുകയായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസ് ഞങ്ങൾ ഒരുമിച്ചാരംഭിച്ചതാണ്. സാന്ദ്രയ്ക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കേണ്ടതിനാൽ അവർ മാറിനിൽക്കുന്നുവെന്ന് മാത്രം. പുതിയ പ്രൊജക്ടുകളുടെ നിർമ്മാണം ഞാൻ ഒറ്റയ്ക്ക് ചെയ്യും.
പുതുതായി നിർമ്മിക്കുന്ന സിനിമകൾ
രണ്ട് സിനിമകളാണ് പുതുതായി മനസ്സിലുള്ളത്. അതിലൊന്ന് മങ്കിപെൻ 2 ആണ്. പിന്നൊന്ന് ആട് 2. രണ്ട് സിനിമകളുടെയും രണ്ടാം ഭാഗമാണ് ഇത്. തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ആട് ജൂലൈയിൽ ഷൂട്ടിംഗ് തുടങ്ങാനാണ് ആലോചിക്കുന്നത്. മങ്കിപെൻ കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല. സാധിച്ചാൽ ആട് 2 നൊപ്പം തന്നെ സംവിധാനം ചെയ്യും. അല്ലെങ്കിൽ അതിന് ശേഷമായിരിക്കും. ഫ്രൈഡേ ഹൗസിന്റെ ബാനറിൽ ഞാൻ ഒറ്റയ്ക്കായിരിക്കും ഈ രണ്ട് സിനിമകളും നിർമ്മിക്കുക.
അഭിനയിക്കുന്നതിനെ പറ്റി
വൈഡ് ആംഗിൾ പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയർഫുൾ ആണ് പുതിയ സിനിമ. ഹൈദരാബാദിൽ നിന്നുള്ള നർത്തകി സന്ധ്യ രാജുവാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. പാർവ്വതി നന്പ്യാർ, ജോമോൾ തുടങ്ങിയവർ ചിത്രത്തിലുണ്ട്. ലിയോ തദേവൂസ് സംവിധാനം ചെയ്യുന്ന വിനീത് ശ്രീനിവാസൻ നായകനാകുന്ന സിനിമയാണ് അടുത്തത്. അതിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 23 നാണ് നിശ്ചയിച്ചിരിക്കുന്നത്.
നിർമ്മാണം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്പോൾ
നിർമ്മാണം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നത് പ്രത്യേകിച്ച് പ്രയാസമുള്ള കാര്യമല്ല. പിന്നെ, സാന്ദ്ര എപ്പോഴും ഫോണിൽ വിളിച്ചാൽ കിട്ടുന്ന ദൂരത്തിലാണ്. ഏത് സഹായത്തിനും സാന്ദ്ര ഉണ്ടാകും. നിർമ്മാണത്തിൽ സഹായിക്കാൻ അനുജനും മറ്റുമുണ്ട്. അതിൽ ബുദ്ധിമുട്ട് വരില്ല. ഒരു സ്ഥാപനമാവുന്പോൾ ഉള്ള ബുദ്ധിമുട്ടുകൾ മാത്രമേ ഉള്ളൂ.