ന്യൂഡല്‍ഹി: രാജ്യത്തു മുസ്ലിങ്ങൾക്കിടയിൽ അരക്ഷിത ബോധമുണ്ടെന്ന സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ പരാമർശത്തിനു മറുപടിയുമായി നിയുക്ത ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ തത്വത്തിലാണു രാജ്യം മുന്നോട്ടു നീങ്ങുന്നതെന്നും ന്യൂനപക്ഷങ്ങളെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്പോഴാണു പ്രശ്നങ്ങൾ സംജാതമാകുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു.
ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയും അരക്ഷിതാവസ്ഥയും വര്‍ധിക്കുന്നുവെന്ന് രാജ്യസഭാ ടിവിയില്‍ കരണ്‍ഥാപ്പറുമായി നടത്തിയ അഭിമുഖത്തിനിടെ അന്‍സാരി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് വെങ്കയ്യ രംഗത്തെത്തിയത്. ‘ചില ആളുകള്‍ പറയുന്നു ന്യൂനപക്ഷങ്ങള്‍ സുരക്ഷതരല്ലെന്ന്, ഇതൊരു രാഷ്ട്രീയ പ്രചാരണമാണ്. ലോകത്ത് മറ്റിടങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്ക് സുരക്ഷയും സുരക്ഷിതത്വവുമുണ്ട് – വെങ്കയ്യ നായിഡു പറഞ്ഞു.
ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചുവെന്ന വാദവും വെങ്കയ്യ തള്ളിക്കളഞ്ഞു. ലോകത്ത് ഏറ്റവുമധികം സഹിഷ്ണുത പുലര്‍ത്തുന്നവരാണ് ഇന്ത്യക്കാര്‍. അതിന് കാരണം ഇന്ത്യക്കാര്‍ പരിഷ്കാരികളാണ്. ഇവിടെ ജനാധിപത്യം നിലനില്ക്കുന്നതും അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.