ലൈംഗിക പീഡനത്തിനിരയായ പെണ്‍കുട്ടികള്‍/സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ തുറന്നു പറഞ്ഞ് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് വരുന്ന കാലത്ത്, അത്തരം ഒരു അനുഭവം തുറന്നു പറഞ്ഞ ബോളിവുഡ് നടി വിദ്യാ ബാലന് അനുഭവിക്കേണ്ടി വന്നത് ഒരു തരത്തിലും അംഗീകരിക്കാനാകാത്ത അനുഭവമാണ്.

അടുത്തിടെ ഒരു പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഒരു പട്ടാളക്കാരനില്‍ നിന്നും താന്‍ നേരിടേണ്ടിവന്ന മോശം അനുഭവത്തെക്കുറിച്ച് വിദ്യാബാലന്‍ തുറന്നു പറഞ്ഞിരുന്നു. കോളേജില്‍ പഠിക്കുന്ന കാലത്ത് ഒരു പട്ടാളക്കാരന്‍ തന്റെ നെഞ്ചിലേക്ക് തുറിച്ചു നോക്കിയെന്നും പിന്നീട് അയാള്‍ തന്നോട് കണ്ണിറുക്കി കാണിച്ചപ്പോള്‍ ക്ഷമ നശിച്ച് അയാളോട് ദേഷ്യപ്പെട്ടെന്നും വിദ്യ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ദേഷ്യം വന്ന താന്‍ അയാളുടെ പെരുമാറ്റം തനിക്കിഷ്ടമായില്ലെന്നും രാജ്യത്തെ സംരക്ഷിക്കേണ്ടതാണ് ഒരു പട്ടാളക്കാരന്റെ ചുമതല എന്നും ഓര്‍മ്മപ്പെടുത്തിയതായി വിദ്യ പറഞ്ഞു. ഇത്തരം അനുഭവങ്ങള്‍ തുറന്നു പറയുന്ന സ്ത്രീളെ സമൂഹം അംഗീകരിക്കണം എന്ന ഓര്‍മ്മപ്പെടുത്തലുകള്‍ ചുറ്റുമുണ്ടാകുമ്പോഴും വിദ്യാ നേരിടേണ്ടി വന്ന പ്രതികരണം മറ്റൊന്നായിരുന്നു.

വിദ്യാബാലന് തന്റെ ശരീരം പ്രദര്‍ശിപ്പിച്ച് പണം സമ്പാദിക്കാമെങ്കില്‍, ഒരു പട്ടാളക്കാരന്‍ അവരുടെ ശരീരത്തിലേക്ക് തുറിച്ചു നോക്കിയാല്‍ എന്താണ് പ്രശ്‌നം എന്നാണ് വിദ്യയോട് ചോദിച്ചത്. ഇത് ചോദിച്ചത് മറ്റൊരു പട്ടാളക്കാരനാണ്. പണം കൊടുക്കാതെ നോക്കി എന്നതായിരിക്കും അവരുടെ പ്രശ്‌നം, എങ്കില്‍ അവര്‍ക്ക് അയാളോട് പണം ചോദിക്കാമായിരുന്നു എന്നും ഇയാള്‍ പറയുന്നുണ്ട്. യൂത്ത് ബിജെപി എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് ഇയാള്‍ വിദ്യാ ബാലനോട് ഇങ്ങനെ ചോദിക്കുന്നത്.

പോസ്റ്റ് ചെയ്ത് രണ്ടു ദിവസത്തിനുള്ളില്‍ മുപ്പതിനായിത്തില്‍ അധികം ഷെയറുകളാണ് നടന്നിരിക്കുന്നത്. ഡേര്‍ട്ടി പിക്ചര്‍, ഇഷ്‌കിയ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച വിദ്യാ ബാലന്‍ ബോളിവുഡ് എന്ന അഴുക്കു ചാലിലെ ഒരു ഉത്പന്നം മാത്രമാണെന്നും ഇയാള്‍ വിഡിയോയില്‍ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook