ന്യൂഡല്‍ഹി: വീഡിയോകോണ്‍ കമ്പനിക്ക് വായ്പ നല്കിയ സംഭവത്തില്‍ മുന്‍ മേധാവി ചന്ദാ കൊച്ചാര്‍ ചട്ടലംഘനം നടത്തിയതായി കണ്ടെത്തിയതായി ഐസിഐസിഐ ബാങ്ക് വ്യക്തമാക്കി. വിരമിച്ച ജഡ്ജി ബി.എന്‍ സായ്കൃഷ്ണ നടത്തിയ സ്വതന്ത്ര അന്വേഷണത്തിന്റെ റിപ്പോര്‍ട്ടില്‍ കൊച്ചാറിന് ജാഗ്രത കുറവ് ഉണ്ടായെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഇതിനെ തുടര്‍ന്ന് ചന്ദാ കൊച്ചാറിന്റെ രാജി കമ്പനിയില്‍ നിന്നുളള പുറത്താക്കലായി പരിഗണിച്ചെന്ന് ഐസിഐസിഐ അറിയിച്ചു.
2018 മാര്‍ച്ചില്‍ ഇന്‍ഡ്യന്‍ എക്സ്പ്രസാണ് ഐസിഐസിഐയിലെ അനധികൃത വായ്പാ ഇടപാട് റിപ്പോര്‍ട്ട് ചെയ്തത്. വീഡിയോകോൺ വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിനെതിരെ സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ബാങ്ക് മേധാവിയായിരിക്കെ കൊച്ചാർ വീഡിയോകോണ്‍ ഗ്രൂപ്പിന് വഴിവിട്ട് 3,250 കോടി രൂപയുടെ വായ്പ നൽകിയെന്നാണ് കേസ്.
ഐസിഐസിഐ മുൻ മേധാവി ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പ് മേധാവി വേണുഗോപാൽ ദൂത് എന്നിവർ എതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കൊച്ചാർ 3250കോടി രൂപ അനുവദിച്ചത് ബാങ്കിന്റെ ചട്ടങ്ങൾക്ക് ക്രമവിരുദ്ധമാണെന്നും ഭർത്താവുമായി ചേർന്നുള്ള ഇടപാടാണ് വായ്പക്ക് പിന്നിലെന്നും ആരോപണം ഉയർന്നിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ഒക്ടോബറിൽ കൊച്ചാർ രാജിവെച്ചിരുന്നു. 2008 ഡിസംബറില്‍ ചന്ദാ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും വീഡിയോകോണ്‍ ഗ്രൂപ്പ് മേധാവി വേണുഗോപാല്‍ ദൂതും ചേര്‍ന്ന് നുപവര്‍ റിന്യൂവബിള്‍സ്’ എന്ന പേരില്‍ പാരമ്പര്യേതര ഊര്‍ജ കമ്പനിയുണ്ടാക്കി. ഇതില്‍ ഇരുകൂട്ടര്‍ക്കും തുല്യപങ്കാളിത്തമായിരുന്നു.2012-ല്‍ ഇരുപതോളം ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍ നിന്ന് വീഡിയോകോണ്‍ 40,000 കോടി രൂപയുടെ കടമെടുത്തു. ഇതില്‍ 3,250 കോടി രൂപ നല്‍കിയത് ഐസിഐസിഐ ബാങ്കായിരുന്നു.
ആറു മാസങ്ങള്‍ക്കു ശേഷം നുപവര്‍ റിന്യൂവബിള്‍സില്‍ ദീപക് കൊച്ചാറിന് ഭൂരിപക്ഷം ഓഹരികളായി. ഈ ഇടപാടാണ് സിബിഐ അന്വേഷണ വിധേയമാക്കിയത്. പത്തുമാസത്തെ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.