ന്യൂഡല്‍ഹി: വായ്‌പാ തട്ടിപ്പുകഥ തലക്കെട്ടുകളായി മാറവേ ഐസിഐസിഐ ബാങ്കില്‍ നടന്ന ഇടപാടുകളെ കുറിച്ചുളള വിവരം ഇന്ത്യന്‍ എക്സ്പ്രസ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവന്നു. ഐസിഐസിഐ ബോര്‍ഡ് ബാങ്കിന്റെ എംഡിയും സിഇഒയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറും അവരുടെ ഏതാനും ബന്ധുക്കളും വീഡിയോകോണ്‍ ഗ്രൂപ്പ് തലവന്‍ വേണുഗോപാല്‍ ധൂതുമായി ചേര്‍ന്ന് 2008-ല്‍ ഒരു കമ്പനി രൂപീകരിച്ചാണ് ഇടപാട് നടത്തിയത്. പുതുതായി രൂപീകരിച്ച കമ്പനിയുടെ ഉടമസ്ഥത ദീപക് കൊച്ചാര്‍ അധ്യക്ഷനായ ഒരു ട്രസ്റ്റിന് കേവലം ഒമ്പത് ലക്ഷം രൂപയ്ക്ക് കൈമാറുന്നതിന് മുമ്പ് ധൂത് 64 കോടി രൂപ തന്റെ ഉടമസ്ഥതയിലുള്ള കമ്പനി വഴി പുതുതായി രൂപീകരിച്ചിരിക്കുന്ന കമ്പനിക്ക് വായ്‌പയായി നല്‍കി.

ദീപക് കൊച്ചാറിന്റെ പേരിലേക്ക് കമ്പനി കൈമാറുന്നതിന് ആറു മാസം മുമ്പ് വീഡിയോകോണ്‍ ഗ്രൂപ്പിന് 3,250 കോടി രൂപ ഐസിഐസിഐ ബാങ്ക് വായ്‌പ നല്‍കി. ഈ വായ്‌പയുടെ 86 ശതമാനം ഏകദേശം 2,810 കോടി രൂപ അടയ്ക്കാന്‍ ബാക്കിയുള്ളപ്പോള്‍ 2017-ല്‍ വീഡിയോകോണിന്റെ വായ്‌പാ അക്കൗണ്ട് കിട്ടാക്കടമായി പ്രഖ്യാപിക്കുകയായിരുന്നു.

ധൂത്-കൊച്ചാര്‍-ഐസിഐസിഐ ബാങ്കുകള്‍ തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്. ഐസിഐസിഐയ്ക്ക് ഇന്ത്യന്‍ എക്സ്പ്രസ് കഴിഞ്ഞ ദിവസം ചോദ്യാവലി തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് ‘പിന്നാലെ പലവിധത്തിലുള്ള അഭ്യൂഹങ്ങളില്‍ പറയുന്നതു പോലെ ഏതെങ്കിലും വിധത്തിലുള്ള കൊടുക്കല്‍ വാങ്ങല്‍, സ്വജനപക്ഷപാതം, വിരുദ്ധ താത്പര്യം എന്നിവ നിലവില്‍ ഇല്ല’ എന്ന് ബാങ്ക് പ്രസ്താവന ഇറക്കി. ബാങ്കിന്റെ വിശ്വാസ്യത തകര്‍ക്കാനുളള കെട്ടുകഥകളാണ് പ്രചരിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ ദീപക് കൊച്ചാര്‍- വേണുഗോപാല്‍ ധൂത് ഇടപാടുകളെ കുറിച്ച് യാതൊന്നും ബാങ്ക് പരാമര്‍ശിച്ചിട്ടില്ല.

* 2008 ഡിസംബറില്‍ ദീപക് കൊച്ചാറും വേണുഗോപാല്‍ ധൂതും ചേര്‍ന്ന് NuPower Renewables Pvt Ltd (എന്‍ആര്‍പിഎല്‍) എന്ന കമ്പനി രൂപീകരിക്കുന്നു. തന്റെ കുടുംബക്കാരും അടുപ്പക്കാരും ഉള്‍പ്പെടെയുള്ളവരെ ചേര്‍ത്ത് കമ്പനിയുടെ 50 ശതമാനം ഓഹരി ധൂത് കൈവശം വയ്ക്കുന്നു. ദീപക് കൊച്ചാറും അദ്ദേഹത്തിന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള പസഫിക് ക്യാപിറ്റല്‍ എന്ന കമ്പനിയും ചന്ദ കൊച്ചാറിന്റെ സഹോദര ഭാര്യയുമാണ് ബാക്കിയുള്ള 50 ശതമാനം ഓഹരിയുടെ ഉടമകള്‍.

* 2009 ജനുവരിയില്‍ നൂ പവര്‍ കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനം രാജിവച്ച ധൂത്, തന്റെ പേരിലുള്ള 24,999 ഓഹരികള്‍ കൊച്ചാറിന് 2.5 ലക്ഷം രൂപയ്ക്ക് കൈമാറുന്നു.

* 2010 മാര്‍ച്ചില്‍ ധൂതിന് 99.9 ശതമാനം ഓഹരിയുള്ള സുപ്രീം എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍ നിന്ന് NuPower-ന് 64 കോടി രൂപ വായ്‌പയായി ലഭിക്കുന്നു.

* തുടര്‍ച്ചയായുണ്ടാകുന്ന ഓഹരികളുടെ കൈമാറ്റമാണ് അവിടെ നടന്നത്. ധൂതില്‍ നിന്ന് കൊച്ചാറിലേക്ക്, കൊച്ചാറിന്റേയും ബന്ധുക്കളുടേയും ഉടമസ്ഥതയിലുള്ള പസിഫിക് ക്യാപിറ്റലില്‍ നിന്ന് സുപ്രീം എനര്‍ജിയിലേക്ക്, അങ്ങനെ 2010 മാര്‍ച്ച് ഒടുവിലാകുമ്പോഴേക്കും NuPower-ന്റെ 94.99 ശതമാനം ഓഹരികളും സുപ്രീം എനര്‍ജിയില്‍ എത്തുന്നു. കൊച്ചാര്‍ ബാക്കിയുള്ള 4.99 ശതമാനം ഓഹരികളും കൈവശം വയ്ക്കുന്നു.

* 2010 നവംബറില്‍ ധൂത് സുപ്രീം എനര്‍ജിയിലുള്ള തന്റെ മുഴുവന്‍ ഓഹരികളും സഹായിയായ മഹേഷ് ചന്ദ്ര പുങ്‌ലിയയുടെ പേരിലേക്ക് മാറ്റുന്നു.

* 2012 സെപ്റ്റംബര്‍ 29 മുതല്‍ 2013 ഏപ്രില്‍ 29 വരെയുള്ള സമയത്ത് പുങ്‌ലിയ തന്റെ പേരില്‍ ലഭിച്ച ഓഹരികള്‍ ദീപക് കൊച്ചാര്‍ മാനേജിങ് ട്രസ്റ്റിയായ പിനാക്കിള്‍ എനര്‍ജി എന്ന ട്രസ്റ്റിലേക്ക് മാറ്റുന്നു. പുങ്‌ലിയയില്‍ നിന്ന് മുഴുവന്‍ ഓഹരികളും കൊച്ചാറിന്റെ പിനാക്കിള്‍ എനര്‍ജി ട്രസ്റ്റിലെത്തിയത് കേവലം ഒമ്പതു ലക്ഷം രൂപയ്ക്ക്.

ഈ സാമ്പത്തിക ഇടപാടുകളെ കുറിച്ചുളള ഇന്ത്യന്‍ എക്സ്പ്രസിന്റെ ചോദ്യങ്ങളോട് ഐസിഐസിഐ ബാങ്ക് പ്രതികരിച്ചില്ല.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ