വാഷിംഗ്ടണ്‍: ഏഷ്യന്‍ വംശജനെ കൈകാര്യം ചെയ്ത് വിവാദത്തില്‍ അകപ്പെട്ടതിന് പിന്നാലെ യൂണൈറ്റഡ് എയര്‍ലൈന്‍സിന് നാണക്കേട് ഉണ്ടാക്കി മറ്റൊരു സംഭവം കൂടി. അമേരിക്കന്‍ എയര്‍ലൈന്‍സില്‍ യുവതിയെ ബേബി സ്ട്രോളര്‍ കൊണ്ട് പ്രഹരിച്ചതിന് ശേഷം വിമാനത്തില്‍ നിന്നും പുറത്താക്കി.

വിമാനത്തിലെ മറ്റൊരു യാത്രക്കാരന്‍ ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ അപ്ലോഡ് ചെയ്തതോടെയാണ് സംഭവം പുറത്തായത്. ഇരട്ട കൈക്കുഞ്ഞുങ്ങളുമായി കയറിയ യുവതിയുടെ കൈയില്‍ നിന്നും ബേബി സ്ട്രോളര്‍ ബലാത്കാരമായി പിടിച്ചുവാങ്ങി അവരെ പ്രഹരിച്ചതായും ദൃക്സാക്ഷി വീഡിയോയ്ക്ക് അടിക്കുറിപ്പ് ഇട്ടു. നേരിയ വ്യത്യാസത്തിലാണ് കുട്ടിയ്ക്ക് അടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും ഇയാള്‍ പറയുന്നു.

യുവതിയെ പിന്തുണച്ച് രംഗത്തെത്തിയ മറ്റൊരു യാത്രക്കാരനോടും വിമാന ജീവനക്കാരന്‍ മോശമായാണ് പെരുമാറിയത്. ഇതില്‍ നിങ്ങള്‍ ഇടപെടേണ്ടെന്ന് പറഞ്ഞ ജീവനക്കാരന്‍ യാത്രക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ‘നിങ്ങള്‍ ചെയ്തത് ഒരു പിഞ്ചുകുഞ്ഞിനോട് ആണെന്നും തന്നോടാണ് ഇത് ചെയ്തതെങ്കില്‍ തന്റെ കൈയുടെ ചൂട് അറിയുമെന്നും’ യാത്രക്കാരന്‍ വിമാന ജീവനക്കാരനോട് കയര്‍ത്തു.

ഏപ്രില്‍ 9നാണ് സംഭവം നടന്നതെങ്കിലും വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് വിമാനത്തിലെ സംഭവങ്ങള്‍ പുറംലോകം അറിഞ്ഞത്. എന്നാല്‍ വിമാനത്തില്‍ നടന്ന സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് എയര്‍ലൈന്‍സ് രംഗത്തെത്തി. ഇത് തങ്ങളുടെ നയമല്ലെന്നും യാത്രക്കാരെ ഇത്തരത്തിലല്ല തങ്ങള്‍ കൈകാര്യം ചെയ്യാറുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരിയോട് മോശമായി പെരുമാറിയ ജീവനക്കാരനെ പുറത്താക്കിയതായും എയര്‍ലൈന്‍സ് അറിയിച്ചു. യുവതിക്ക് ഫസ്റ്റ് ക്ലാസ് ടിക്കറ്റ് നല്‍കി യാത്ര തുടരാന്‍ അനുവദിച്ചെന്നും എയര്‍ലൈന്‍സ് വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ചിക്കാഗോയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സില്‍ നിന്ന് യാത്രക്കാരനെ പുറത്തേക്ക് വലിച്ചിഴച്ച നടപടി വലിയ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് യുവതിയോട് ക്രൂരമായി പെരുമാറിയ സംഭവം പുറത്താവുന്നത്. അന്ന് വിയറ്റ്നാം സ്വദേശിയായ ഡോ.ഡേവിഡ് റോ(69)യെ വിമാനത്തില്‍ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കമ്പനിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയർന്ന് വന്നത്. സംഭവത്തില്‍ കമ്പനി പിന്നീട് ഖേദം പ്രകടിപ്പിച്ചുവെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് റോയുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ