ശ്രീനഗര്‍: കശ്മീരില്‍ യുവാവിനെ ജീപ്പിന്റെ ബോണറ്റിന് മുമ്പില്‍ കെട്ടിവെച്ച് കൊണ്ടുപോയ സംഭവത്തില്‍ സൈന്യം വിശദീകരണവുമായി വന്നതിന് പിന്നാലെ പ്രതികരണവുമായി ഇരയാക്കപ്പെട്ട യുവാവ്. തന്റെ ജീവിതത്തില്‍ ഇത് വരെ താന്‍ സൈന്യത്തിനെതിരെ കല്ലേറ് നടത്തിയിട്ടില്ലെന്ന് 26കാരനായ ഫറൂഖ് അഹമ്മദ് ദര്‍ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

“ഞാന്‍ ഷാളുകള്‍ നെയ്യുന്ന ഒരു തൊഴിലാളിയാണ്. മരപ്പണിയും ചെയ്യാറുണ്ട്. ഇത് മാത്രമാണ് താന്‍ ചെയ്യാറുള്ളതെന്നും ജീവിതത്തില്‍ ഇതുവരെ കല്ലേറ് നടത്തിയിട്ടില്ലെന്നും” ഫറൂഖ് പറഞ്ഞു.

സൈന്യം നാല് മണിക്കൂറോളം ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത് കാരണം വീര്‍ത്തുതടിച്ച കൈയില്‍ ബാന്‍ഡേജ് കെട്ടി കോട്ട്ലി ജില്ലയിലെ ചിലില്‍ തന്റെ വീട്ടിലായിരുന്നു ഫറൂഖ് ഉണ്ടായിരുന്നത്. ഏപ്രില്‍ 9ന് രാവിലെ 11 മണി മുതല്‍ നാല് മണിക്കൂറോളം തന്നെ കെട്ടിയിട്ട് സൈന്യം പരേഡ് നടത്തിയതായി അദ്ദേഹം ആരോപിച്ചു.

“ഏകദേശം 25 കി.മീറ്ററോളം തന്നെ കെട്ടിവെച്ച് കൊണ്ടുപോയി. ഉത്ലിഗാമില്‍ നിന്നും സോന്‍പ, നാജന്‍, ചക്പോര, ഹഞ്ചിഗുരോ, റാവല്‍പോര, ഖോസ്പോര, അരിസല്‍ എന്നീ ഗ്രാമങ്ങളിലൂടെ പോയ ജീപ് ഹര്‍ദ്പന്‍സോയിലെ സിആര്‍പിഎഫ് ക്യാംപിലാണ് നിര്‍ത്തിയതെന്നും” ഫറൂഖ് വ്യക്തമാക്കി.

സംഭവത്തില്‍ പരാതി നല്‍കാനൊന്നും താനില്ലെന്ന് അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു. “പാവങ്ങളായ ഞങ്ങള്‍ എന്ത് പരാതിപ്പെടാനാണ്. 75 വയസുള്ള രോഗിയായ അമ്മയ്ക്കൊപ്പമാണ് ഞാന്‍ ജീവിക്കുന്നത്. ശരിക്കും ഞാന്‍ പേടിച്ചിരിക്കുകയാണ്. ഞാനൊരു കല്ലേറുകാരനല്ല. പക്ഷെ എന്ത് വേണമെങ്കിലും സംഭവിക്കാമെന്ന സാഹചര്യത്തിലാണെന്നും” ഫറൂഖ് പേടിയോടെ പറഞ്ഞു പൂര്‍ത്തിയാക്കി.

സംഭവത്തില്‍ അന്വേഷണമോ നടപടിയോ ഒന്നും വേണ്ടെന്ന് ഫറൂഖിന്റെ അമ്മ ഫാസിയും പറഞ്ഞു. “ഞങ്ങള്‍ പാവങ്ങളാണ്. അന്വേഷണമൊന്നും വേണ്ട. അവന്‍ മാത്രമെ എനിക്കുള്ളു. എന്റെ വയസുകാലത്ത് എന്നെ നോക്കാന്‍ അവനല്ലാതെ മറ്റാരും ഇല്ല”, ഫാസി വ്യക്തമാക്കി.
ഗാംപോരയില്‍ മൂന്ന് ദിവസം മുമ്പ് മരിച്ച ഒരു ബന്ധുവിന്റെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് താന്‍ പുറപ്പെട്ടതെന്നും ഫറൂഖ് പറഞ്ഞു.

“ശ്രീനഗര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പിനിടെയാണ് ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പുറപ്പെട്ടത്. വീട്ടില്‍ നിന്നും 17 കി.മി. ദൂരെയുളള ഗാംപോരയിലാണ് ബന്ധുവിന്റെ വീട്. മോട്ടോര്‍ സൈക്കിള്‍ ഉത്ലിഗാമില്‍ എത്തിയപ്പോഴാണ് സ്ത്രീകള്‍ സൈന്യത്തിന് നേരെ കല്ലേറ് നടത്തുന്നത് കണ്ടത്. താന്‍ ബൈക്ക് നിര്‍ത്തി നോക്കി നിന്നപ്പോഴാണ് സൈന്യം തന്നെ മര്‍ദ്ദിച്ചതിന് ശേഷം പിടിച്ച് ജീപ്പില്‍ കെട്ടിയതെന്നും” ഫറൂഖ് പറഞ്ഞു.

“നിങ്ങളില്‍ ഒരാളെ തന്നെ കല്ലെറിയു” എന്ന് ആക്രോശിച്ചാണ് സൈന്യം ഒമ്പത് ഗ്രാമങ്ങളിലൂടെ തന്നെ കെട്ടിവെച്ച് കൊണ്ടുപോയതെന്നും ഫറൂഖ് കൂട്ടിച്ചേര്‍ത്തു. സിആര്‍പിഎഫ് ക്യാംപിലെത്തിയ തന്നെ ചോദ്യം ചെയ്യുകയോ മര്‍ദ്ദിക്കുകയോ ചെയ്തില്ലെന്നും രാത്രി ഏഴ് മണിയോടെ തന്നെ സ്വതന്ത്രനാക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഫറൂഖിനെ ജീപ്പിന്റെ മുമ്പില്‍ കെട്ടിയിട്ട് കൊണ്ടു പോയ സംഭവത്തില്‍ വിശദീകരണവുമായി സൈന്യം രംഗത്തെത്തിയിരുന്നു. ‘മരിക്കുക അല്ലെങ്കില്‍ പ്രവര്‍ത്തിക്കുക’ എന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് ഇത്തരത്തിലൊരു നീക്കം നടത്തേണ്ടി വന്നതെന്നാണ് സൈനികവൃത്തങ്ങള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

“തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൊണ്ടു പോവുകയായിരുന്ന വാഹനവ്യൂഹത്തിന് നേരെ ബുദ്ഗാമില്‍ വെച്ച് ആക്രമണം നടന്നപ്പോഴാണ് തങ്ങള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത്. സ്ത്രീകള്‍ അടക്കമുള്ള പ്രദേശവാസികള്‍ സൈന്യത്തിന് നേരെ കല്ലേറ് ശക്തമാക്കുകയായിരുന്നു”, സൈന്യം പറഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ