ഹൈദരാബാദ്: ഗതാഗത നിയമങ്ങള്‍ ലംഘിക്കുമ്പോഴാണ് പലപ്പോഴും റോഡപകടങ്ങള്‍ ഉണ്ടാവുന്നത്. തെറ്റായ ദിശയിലേക്ക് വണ്ടിയോടിച്ചും അമിത വേഗത്തില്‍ പാഞ്ഞുമൊക്കെയാണ് ഭൂരിഭാഗം അപകടങ്ങളും ഉണ്ടാവുന്നത്. തെലങ്കാനയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ഞെട്ടിക്കുന്ന വാഹനാപകടത്തിന്റെ ദൃശ്യങ്ങളാണ് എഎന്‍ഐ പുറത്തുവിട്ടത്. രംഗ റെഡ്ഢി ജില്ലയിലുണ്ടായ അപകടത്തില്‍ എന്നാല്‍ ബൈക്ക് യാത്രികന്‍ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

മിനി ട്രക്കിനാണ് നിയന്ത്രണം വിട്ട് വശം തെറ്റി വന്ന ബൈക്ക് ഇടിച്ചത്. ട്രക്കിലിടിച്ചതിന്റെ ആഘാതത്തില്‍ ബൈക്ക് യാത്രികന്‍ വായുവില്‍ കറങ്ങി നിലത്തേക്ക് വീണു. എന്നാല്‍ ട്രക്ക് ബ്രേക്ക് പിടിച്ചത് കൊണ്ട് തന്നെ ബൈക്ക് യാത്രികന് കൂടുതല്‍ അപകടം ഉണ്ടായില്ല. വായുവില്‍ ഉയര്‍ന്ന് താഴേക്ക് വീണ ബൈക്ക് യാത്രികന്‍ ഉടന്‍ തന്നെ എഴുന്നേല്‍ക്കുകയും ചെയ്തു.

വഴിയാത്രക്കാരുടെ സഹായത്തോടെ ഇയാള്‍ എഴുന്നേറ്റ് ബൈക്കില്‍ യാത്ര തുടരുകയും ചെയ്തു. അതേസമയം ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതിയുടെ റാലിക്ക് വേണ്ടി എതിര്‍വശത്തെ റോഡ് അടച്ചതാണ് അപകടത്തിന് കാരണമാക്കിയതെന്ന് സോഷ്യല്‍മീഡിയയില്‍ ചിലര്‍ ചൂണ്ടിക്കാണിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook