ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ മൃതദേഹങ്ങൾ പാക്കിസ്ഥാൻ സൈന്യം വികൃതമാക്കിയ സംഭവത്തിനുപിന്നാലെ അതിർത്തിയിൽ സംഘർഷം കനക്കുകയാണ്. ഇന്ത്യൻ സൈനികരോട് കാട്ടിയ ക്രൂരതയ്ക്ക് തക്കതായ മറുപടി നൽകുമെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചിരുന്നു. ഇപ്പോഴിതാ പാക്കിസ്ഥാന് ഇന്ത്യ നൽകിയ മറുപടി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ ഒരു വിഡിയോ പ്രചരിക്കുകയാണ്. നിയന്ത്രണരേഖയിലെ പാക്കിസ്ഥാൻ ബങ്കർ ഇന്ത്യൻ സൈന്യം ആന്റി ടാങ്ക് ഗെയ്ഡഡ് മിസൈൽ ഉപയോഗിച്ച് തകർക്കുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.

വിഡിയോയുടെ ഉറവിടത്തെക്കുറിച്ച് വ്യക്തതയില്ല. ഒന്നര മിനിറ്റ് ദൈർഘ്യമുളള വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം, പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും നിരന്തരമായുണ്ടാവുന്ന വെടിനിർത്തൽ ലംഘനങ്ങൾക്കെതിരെ ഇന്ത്യ നൽകിയ മറുപടിയാണ് ഇതെന്നും റിപ്പോർട്ടുകളുണ്ട്.

ഈ മാസമാദ്യമാണ് പാക്കിസ്ഥാന്റെ ബോർഡർ ആക്ഷൻ ടീം നടത്തിയ ആക്രമണത്തിൽ രണ്ടു ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടത്. ഇവരുടെ മൃതദേഹങ്ങൾ പാക്ക് സൈന്യം വികൃതമാക്കുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ