ന്യൂഡല്‍ഹി: ലഡാക്കിൽ ഇന്ത്യൻ അതിർത്തി മറികടന്ന് പോംഗ്‌യാഗ് തടാകത്തിന് സമീപത്തുകൂടി നുഴഞ്ഞുകയറാൻ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യൻ സൈന്യം തടയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ അതിർത്തിയിൽ നടന്ന ശാരീരിക ആക്രമണത്തിന്റെയും കല്ലേറിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും കരസേനയിലെ സൈനികരുമാണ് ചൈനയുടെ കടന്നുകയറ്റത്തെ ചെറുത്തുനിന്നത്. ഇന്ത്യൻ വലയം ഭേദിച്ച് മുന്നോട്ട് പോകാനാകാതെ വന്നതിൽ രോഷം പൂണ്ട് ചൈനക്കാർ കല്ലെറിയുന്നതും ദൃശ്യങ്ങളിൽ കാണാം.

ഈ ദൃശ്യങ്ങൾ ആഗസത് 15 ന് നടന്ന സംഘർഷത്തിന്റേതാണെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ട്. ഇന്ത്യ 71ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴാണ് അതിർത്തിയിൽ ചൈനീസ് സേന നുഴഞ്ഞുകയറാൻ ശ്രമിച്ചത്. ആയുധമില്ലാതെയായിരുന്നു ഇരു വിഭാഗത്തിന്റെയും ആക്രമണം.

ദോക്ലാം പീഠഭൂമിക്ക് സമാന്തരമായി റോഡ് നിർമ്മിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ എതിർത്ത് ഇന്ത്യയും ഭൂട്ടാനും നിലപാടെടുത്തതാണ് ചൈനയെ ചൊടിപ്പിച്ചത്. ഇന്ത്യ അതിർത്തി കടന്ന് ആക്രമിച്ചെന്ന് ആഗോള തലത്തിൽ തന്നെ ചൈന ആരോപിച്ചിരുന്നു. ലഡാക്കിലെ സംഘർഷം നടന്ന പ്രദേശം ഇന്ന് കരസേന മേധാവി ബിപിൻ റാവത്ത് സന്ദർശിക്കുന്നുണ്ട്.

1 മിനിറ്റും 12 സെക്കന്റും ദൈർഘ്യമുള്ള വീഡിയോ മഞ്ഞുമലയുടെ മുകൾത്തട്ടിൽ നിന്നാണ് പകർത്തിയിരിക്കുന്നത്. സംഘർഷത്തിന്റെ ഏരിയൽ വ്യൂ ആണ് വീഡിയോ ദൃശ്യത്തിലുള്ളത്. എന്നാൽ വീഡിയോയുടെ ആധികാരികത സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടില്ല.

ഫെയ്സ്ബുക് പേജിലൂടെ മുൻ സൈനിക ഉദ്യോഗസ്ഥനായ റിട്ട ലെഫ്റ്റനന്റ് ജനറൽ പ്രകാശ് കടോച് ആണ് ഈ വീഡിയോ പുറത്തുവിട്ടത്. ഇത്തരത്തിൽ ആക്രമണം നടന്നതായി വെള്ളിയാഴ്ചയാണ് ഇന്ത്യൻ സൈന്യം സ്ഥിരീകരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ