യുവതിയെ മര്‍ദ്ദിച്ച് അവശയാക്കി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്ന അക്രമികളുടെ ദൃശ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ പ്രചരിക്കുന്നു. എവിടെ നിന്നാണ് എപ്പോഴാണോ നടന്നതെന്ന് സ്ഥിരീകരണമില്ലാത്ത വീഡിയോ സ്മൃതി ഇറാനിയുടെ ഫെയ്സ്ബുക്ക് പേജിലാണ് ആദ്യം പോസ്റ്റ് ചെയ്തത്. എന്നാല്‍ ഇത് കേന്ദ്രമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ട് അല്ല.

24 മണിക്കൂറിനുളളില്‍ 11,000 പേരാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇത് എവിടെ നടന്ന സംഭവമാണെന്നും പ്രതികളെ പിടികൂടാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നത്. പ്രതികളെ പിടികൂടും വരെ വീഡിയോ ഷെയര്‍ ചെയ്യാനും ആവശ്യപ്പെടുന്നുണ്ട്. രണ്ട് യുവാക്കള്‍ ഒരു സ്ത്രീയോട് തര്‍ക്കിക്കുന്നിടത്താണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്.

പിന്നാലെ സ്ത്രീയെ വടികൊണ്ട് അടിച്ച് താഴയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നു. അതേസമയം ഇവരുടെ മകളാണെന്ന് കരുതപ്പെടുന്ന 15 വയസോളം പ്രായം വരുന്ന പെണ്‍കുട്ടിയെ രണ്ടാമത്തെ യുവാവും മര്‍ദ്ദിക്കുന്നു. സമീപത്ത് നിന്നും കരഞ്ഞ് അപേക്ഷിക്കുന്ന കുട്ടികളുടെ ശബ്ദവും കേള്‍ക്കാന്‍ സാധിക്കും. പിന്നീട് സ്ത്രീയെ ഭീഷണിപ്പെടുത്തി ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ ട്രാക്ടറില്‍ കടത്തിക്കൊണ്ടു പോവുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലായി മാറിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ