ലക്‌നൗ: ഭർത്താവിനെ അജ്ഞാതർ മർദ്ദിക്കുന്നതു കണ്ടാൽ പിന്നെ ഒരു ഭാര്യയും നോക്കിനിൽക്കില്ല. ഇത്തരത്തിൽ തന്റെ ഭർത്താവിനെ കൺമുന്നിൽ മർദ്ദിക്കുന്നതു കണ്ട ഭാര്യ അക്രമികളെ തുരത്താൻ കൈയ്യിലെടുത്തത് തോക്കാണ്. ലക്‌നൗവിലെ കകോറി ജില്ലയിലാണ് സംഭവം.

പതിവുപോലെ വീടിനു പുറത്ത് ഒരാൾക്കൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്നു ഭർത്താവ്. ഇതിനിടയിലാണ് 4 പേർ അടുത്തെത്തി അയാളെ മർദ്ദിക്കാൻ തുടങ്ങിയത്. അക്രമികളിൽ രണ്ടുപേർ തൂവാല ഉപയോഗിച്ച് മുഖം മറച്ചിരുന്നു. അക്രമികളിൽ ഒരാളാകട്ടെ വടി ഉപയോഗിച്ച് മർദ്ദിക്കാൻ തുടങ്ങി. ശബ്ദം കേട്ട ഭാര്യ പുറത്തെത്തിയത് കൈയ്യിൽ തോക്കുമായിട്ടായിരുന്നു. അക്രമികൾക്കുനേരെ അവർ വെടിവച്ചു. ഇതോടെ അക്രമികൾ ഭയന്നോടി. വാർത്താ ഏജൻസിയായ എഎൻഐ സംഭവത്തിന്റെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്.

ഫെബ്രുവരി നാലിന് രാവിലെ 11.20 ഓടെയാണ് സംഭവം ഉണ്ടായത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീഡിയോ കണ്ട നിരവധി പേരാണ് ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ കാട്ടിയ സാഹസത്തെ അഭിനന്ദിച്ചത്. ചിലർ റിവോൾവർ റാണിയെന്നാണ് ഇവരെ വിളിച്ചത്. എന്നാൽ മറ്റു ചിലർ തോക്ക് കൈവശം വയ്ക്കുന്നതിനുളള അധികാരം അവർക്കുണ്ടായിരുന്നോയെന്നും ചോദ്യം ഉയർത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook