ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ നിരവധി റാലികളാണ് കോണ്‍ഗ്രസ് നടത്തിയത്. എന്നാല്‍ രാജസ്ഥാനിലെ ഒരു റാലിയില്‍ നിന്നുളള ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്. റാലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാക്കിസ്ഥാന്റെ ദേശീയ പതാക ഉപയോഗിച്ചെന്നാണ് ആരോപണം. എന്നാല്‍ വീഡിയോ വ്യാജമാണെന്ന് അറിയിച്ച് പൊലീസ് രംഗത്തെത്തി.

വീഡിയോ പ്രചരിച്ചതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നയാള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്കെതിരെ സംസാരിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ‘നന്നായിട്ട് നോക്ക്. കോണ്‍ഗ്രസ് റാലിയിലാണ് പാക്കിസ്ഥാന്‍ പതാക ഉപയോഗിക്കുന്നത്,’ റാജസ്ഥാനിലെ ചൂരിയില്‍ നിന്നുളള ദൃശ്യമാണെന്നും വീഡിയോ പകര്‍ത്തുന്നയാള്‍ പറയുന്നുണ്ട്.

എന്നാല്‍ ഇത് നിഷേധിച്ച് രാജസ്ഥാന്‍ പൊലീസ് രംഗത്തെത്തി. വീഡിയോ വ്യാജമാണെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു. റാലിയില്‍ ഉപയോഗിച്ചിരിക്കുന്നത് പച്ച പതാകയാണെങ്കിലും പാക് ദേശീയ പതാകയിലേത് പോലെ അര്‍ദ്ധചന്ദ്രനും നക്ഷത്രങ്ങളും പതാകയിലില്ല.

‘രാജസ്ഥാനില്‍ കോണ്‍ഗ്രസ് റാലിയില്‍ പാക് പതാക ഉപയോഗിച്ചെന്ന രീതിയില്‍ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. അത് തെറ്റാണ്. ഈ വീഡിയോയില്‍ ജനങ്ങള്‍ കുടുങ്ങരുത്. ഇതിന് പിന്നിലുളളവര്‍ക്കായി അന്വേഷണം നടത്തുന്നുണ്ട്,’ രാജസ്ഥാന്‍ പൊലീസ് അറിയിച്ചു. വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയുടനെ രംഗത്തെത്തിയ പൊലീസിനെ അഭിനന്ദിച്ച് പലരും സോഷ്യൽ മീഡിയയില്‍ പോസ്റ്റുകളിട്ടു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ