ന്യൂഡൽഹി: സുരക്ഷ പരിശീലനത്തിനിടെ മൂന്ന് ഇന്ത്യൻ സൈനികർക്ക് ഹെലികോപ്റ്ററിൽ നിന്ന് വീണ് പരുക്ക്. ന്യൂഡൽഹിയിലെ സൈന്യത്തിന്റെ പരേഡ് ഗ്രൗണ്ടിൽ ഇന്നലെയാണ് സംഭവം. ചൊവ്വാഴ്ച ഹെലികോപ്റ്ററിൽ നിന്ന് കയറിലൂടെ ഭൂമിയിലേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ കയർ പൊട്ടിയാണ് മൂന്ന് പേർക്കും പരുക്കേറ്റത്.

ഇതേ തുടർന്ന് ഇവിടെ തുടർന്ന് നടത്താനിരുന്ന എല്ലാ പരിശീലനങ്ങളും ഉപേക്ഷിച്ചു. അത്യാധുനിക ലൈറ്റ് ഹെലികോപ്റ്ററായ എഎച്ച്എൽ ധ്രുവിൽ ഉണ്ടായ യന്ത്രത്തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് സൈന്യത്തിന്റെ വിശദീകരണം.

അതേസമയം വീഴ്ചയുടെ വീഡിയോ പ്രചരിച്ചത് സൈന്യത്തിന് വലിയ നാണക്കേടും ഉണ്ടാക്കി. ഇതോടെ സംഭവത്തിൽ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ് എഎച്ച്എൽ ധ്രുവ് ഹെലികോപ്റ്റർ.

പരുക്കേറ്റ പട്ടാളക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ രണ്ടുപേർക്ക് സാരമായ പരുക്കുകളുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ