ചെന്നൈ: കര്‍ണാടകത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് ഒടുവില്‍ ബിജെപി നേതാവ് ബി.എസ് യെഡിയൂരപ്പയ്ക്ക് രാജിവയ്‌ക്കേണ്ടി വന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് നടനും രാഷ്ട്രീയ നേതാവുമായ രജനികാന്ത്. ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി സമയം ചോദിച്ചതും ഗവര്‍ണര്‍ 15 ദിവസം നല്‍കിയതും ജനാധിപത്യത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീംകോടതി ഉത്തരവിന് താന്‍ നന്ദി പറയുന്നുവെന്നും രജനികാന്ത് പറഞ്ഞു.
രജനി മക്കള്‍ മന്‍ട്രത്തിന്റെ വനിതാ കൂട്ടായ്മയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രജനികാന്ത്. കമല്‍ ഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നിതി മയ്യമായി സഖ്യം ചേരുമോ എന്ന കാര്യത്തില്‍ പ്രതികരണം നല്‍കാന്‍ രജനി തയ്യാറായില്ല.
2019 തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യം ഇലക്ഷന്‍ പ്രഖ്യാപിച്ചതിനു ശേഷം അറിയിക്കാമെന്നും, പാര്‍ട്ടി പ്രഖ്യാപനം ഇതുവരെ ഔദ്യോഗികമായി നടന്നിട്ടില്ലെങ്കിലും തങ്ങള്‍ എന്തിനും തയ്യാറാണെന്നും എന്നാല്‍ ഇപ്പോള്‍ അതേകുറിച്ച് സംസാരിക്കാന്‍ സമയമായിട്ടില്ലെന്നും രജനികാന്ത് പറഞ്ഞു.
കാവേരി നദീതട പ്രശ്‌നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തണമെന്ന് എച്ച്ഡി കുമാരസ്വാമിയോട് രജനീകാന്ത് ആവശ്യപ്പെട്ടു. വെള്ളം വിട്ടുനല്‍കുന്ന കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ തീരുമാനമെടുക്കണം.