ചെന്നൈ: എൽ വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. വിക്ടോറിയയുടെ നിയമനം സംബന്ധിച്ചുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശൂപാര്‍ശയ്ക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തയാറായില്ല.
വിക്ടോറിയ ഗൗരിയുടെ നിയമനവുമായി ബന്ധപ്പെട്ട ശുപാർശ പുനഃപരിശോധിക്കാൻ കൊളീജിയത്തിന് നിർദേശം നൽകാനാവില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
മദ്രാസ് ഹൈക്കോടതിയില്‍ രാവിലെ പത്തരയ്ക്കായിരുന്നു സത്യപ്രതിജ്ഞ. പിള്ളപ്പാക്കം ബഹുകുടുമ്പി ബാലാജി, കന്ദസാമി കുളന്തൈവേലു രാമകൃഷ്ണൻ, രാമചന്ദ്രൻ കലൈമതി, കെ ഗോവിന്ദരാജൻ തിലകവാടി എന്നിവരുൾപ്പെടെ മറ്റ് നാല് അഭിഭാഷകർക്ക് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ജനുവരി 17-ന് വിക്ടോറിയയുടെ നിയമനത്തിനായി സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ നല്‍കിയതിന് പിന്നാലെ തമിഴ്നാട്ടില്‍ അഭിഭാഷകര്‍ പ്രതിഷേധം നടത്തിയിരുന്നു. വിക്ടോറിയയുടെ ബിജെപിയുമായുള്ള മുൻ ബന്ധത്തെയും വിദ്വേഷ പ്രസംഗം നടത്തിയ സംഭവങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പ്രതിഷേധം.
മദ്രാസ് ഹൈക്കോടതിയിലെ 21 അഭിഭാഷകർ വിക്ടോറിയയെ ജഡ്ജിയാക്കുന്നതിനെതിരെ പ്രസിഡന് ദ്രൗപതി മുര്‍മുവിനും സുപ്രീം കോടതി കൊളീജിയത്തിനും കത്തെഴുതിയിരുന്നു. അവരുടെ രണ്ട് അഭിമുഖങ്ങളും 2012 ലെ ഓർഗനൈസർ ലേഖനവും ഉദ്ധരിച്ചുകൊണ്ടാണ് കത്ത്.
വിക്ടോറിയ ഇസ്ലാം മതവിഭാഗത്തെ “ഗ്രീൻ ഹൊറർ” എന്നും ക്രിസ്തു മതത്തെ “വൈറ്റ് ഫിയര്‍” എന്നും ഉപമിച്ചതായി അവർ അവകാശപ്പെടുന്നു. കൂടാതെ ഭരതനാട്യം പോലുള്ള കലാരൂപത്തെ ക്രിസ്ത്യന്‍ ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതിനെതിരെ വിക്ടോറിയ സംസാരിച്ചതായും അഭിഭാഷകര്‍ ആരോപിക്കുന്നു.
അതേസമയം, ഹൈക്കോടതിയുടെ മധുര ബാറിലെ വലിയൊരു വിഭാഗം അഭിഭാഷകരുചെ പിന്തുണ വിക്ടോറിയക്കുണ്ട്. ശക്തമായ രാഷ്ട്രീയ വീക്ഷണങ്ങളുള്ള അഭിഭാഷകർ നേരത്തെ ജഡ്ജിമാരായി നിഷ്പക്ഷമായി തങ്ങളുടെ ചുമതലകൾ നിറവേറ്റിയതിന്റെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് പിന്തുണ.