ഭോപ്പാല്‍: പശുവിറച്ചി കൈവശം വച്ചെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ഒരു സ്ത്രീയടക്കം മൂന്ന് പേരെ ഗോ സംരക്ഷര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ഇരകളായവര്‍ കോടതിക്ക് മുന്പില് മൊഴി നല്കി. മര്‍ദനത്തെ കുറിച്ച് പൊലീസില്‍ പരാതി നല്കിയാല് കൊന്നുകളയുമെന്ന് ഗോ സംരക്ഷകര്‍ പറഞ്ഞതായി മര്‍ദനത്തിന് ഇരയായവര്‍ പറഞ്ഞു.
മേയ് 22 നാണ് മധ്യപ്രദേശിലെ സിയോണിയില്‍ വച്ച് ഒരു സംഘം ഗോ സംരക്ഷകര്‍ മുസ്ലീങ്ങളായി മൂന്ന് പേരെ അതിക്രൂരമായി മര്‍ദിച്ചത്. ഇവര്‍ ഭീഷണിയെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടില്ല. എന്നാല്‍, മര്‍ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പൊലീസ് സംഭവം അറിയുന്നത്. മേയ് 24 ന് പ്രതികളായ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
Read More: ‘ജയ് ശ്രീറാം വിളിക്കൂ’; മുസ്ലീം യുവാക്കളെ പരസ്യമായി മര്‍ദിച്ച് ഗോ സംരക്ഷകര്‍, വീഡിയോ
ഓട്ടോറിക്ഷയില്‍ പോകുകയായിരുന്നു രണ്ട് മുസ്ലീം യുവാക്കളെയും ഒരു യുവതിയെയും ബീഫ് കൈവശം വച്ചു എന്നാരോപിച്ച് പശു സംരക്ഷകരായ ഏതാനും പേര് ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഓട്ടോയില്‍ നിന്ന് അവരെ വലിച്ചിറക്കി മരത്തിൽ കെട്ടി ആക്രമിക്കാന്‍ തുടങ്ങി. കൈകള്‍ കെട്ടിയിട്ട് വടി കൊണ്ട് അടിക്കുന്നത് വീഡിയോയില്‍ കാണാം. ആക്രമണം നടക്കുമ്പോള്‍ നിരവധി പേരാണ് ചുറ്റും കൂടി നില്‍ക്കുന്നത്. ആരും പ്രതികരിക്കുന്നതായി കാണുന്നില്ല. മരത്തില്‍ കെട്ടിയിട്ട് ഒന്നിലധികം പേര് ചേര്‍ന്നാണ് യുവാക്കളെ ആക്രമിച്ചത്.
പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കാന്‍ കൂടെയുണ്ടായിരുന്ന യുവാവിനോട് അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. പെണ്‍കുട്ടിയുടെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിക്കുന്നതിനിടയില്‍ ‘ജയ് ശ്രീറാം വിളിക്കൂ’ എന്നും അക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. മർദനമേൽക്കുമെന്ന ഭയം നിമിത്തം മുസ്ലീം യുവാക്കൾ ‘ജയ് ശ്രീറാം’ വിളിക്കുന്നുണ്ട്.
നിരവധി പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. എംപി അസദുദ്ദീന്‍ ഒവൈസിയും വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്. മോദി ഭരണത്തില്‍ മുസ്ലീങ്ങള്‍ക്കെതിരെ ആക്രമണം വര്‍ധിക്കുന്നതായി നേരത്തെ നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
Gau Ralshaks on the prowl in MP. Muslim couple thrashed on suspicion of carrying ‘beef’. one person arrested by the police. Ram Raj aa raha hai pic.twitter.com/sY25ZYPfDV
— Hemender Sharma (@delayedjab) May 24, 2019
ഇന്ത്യയില്‍ നരേന്ദ്ര മോദിയുടെ ഭരണകാലത്ത് മുസ്ലീങ്ങള്‍ ജീവിക്കുന്നത് ഭയത്തോടെയെന്ന് അന്താരാഷ്ട്ര മാധ്യമമായ ബിബിസി തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവരും മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണങ്ങളും വിദ്വേഷവും വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബിജെപി ഭരണത്തില്‍ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. രജനി വൈദ്യനാഥന് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook