ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ പൊലീസ് മോശമായി കെെകാര്യം ചെയ്യുന്നു എന്നാരോപിച്ച് കോൺഗ്രസ് സംഘം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു. പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവരടങ്ങുന്ന സംഘമാണ് ഇന്ന് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

പൊലീസ് അതിക്രമങ്ങൾക്കെതിരെ അന്വേഷണം നടത്തണമെന്ന് കോൺഗ്രസ് സംഘം ആവശ്യപ്പെട്ടു. ഉത്തർപ്രദേശ് പൊലീസിനെതിരെയാണ് കോൺഗ്രസ് നേതാക്കളുടെ സംഘം പരാതി നൽകിയിരിക്കുന്നത്. പൊലീസിനെതിരെ നിരവധി ആരോപണങ്ങളുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

Read Also: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി ബംഗാള്‍

പൊലീസ് അതിക്രമങ്ങൾ ഇരകളായവരെ കുറ്റക്കാരായി ചിത്രീകരിക്കുകയാണ് പൊലീസ് ചെയ്യുന്നതെന്നും പരാതിയിൽ പറയുന്നു. ഉത്തർപ്രദേശ് സർക്കാർ പ്രതിഷേധക്കാരെ പ്രതികാര മനോഭാവത്തോടെ കണ്ടെന്നും അവരെ ക്രിമിനലുകളെ പോലെ സമീപിച്ചെന്നും പരാതിയിൽ പറയുന്നുണ്ട്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ അരങ്ങേറിയ സംസ്ഥാനമാണ് ഉത്തർപ്രദേശ്. 20 ഓളം പേർ ഉത്തർപ്രദേശിലെ അക്രമ സംഭവങ്ങളിൽ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരുക്കേറ്റു. പ്രതിഷേധക്കാരെ പൊലീസ് മോശമായാണ് കെെകാര്യം ചെയ്‌തത്. ഇതിനെതിരെ വിവിധ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാർക്കെതിരെ സർക്കാർ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഭീഷണിപ്പെടുത്തിയിരുന്നു.

Read Also: ഇത് ബെസ്റ്റാ! സാറ അലി ഖാൻ കുടിക്കുന്നത് മലയാളികൾക്ക് ഇഷ്‌ടപ്പെട്ട പാനീയം

അതേസമയം, നിയമം നടപ്പിലാക്കാനുള്ള ഒരുക്കങ്ങളാണ് യുപി സർക്കാർ ഇപ്പോൾ നടത്തുന്നത്. വിവിധ ജില്ലകളിൽ പ്രാഥമിക നടപടികൾ ആരംഭിച്ചു. നിയമ ഭേദഗതിക്കെതിരെ ഇപ്പോഴും പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിന് സംസ്ഥാന സർക്കാർ പ്രാഥമിക നടപടികൾ ആരംഭിക്കാൻ അനുമതി നൽകിയിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook