ഉദയ്പൂർ: തയ്യൽക്കടയ്ക്കുള്ളിൽ വെട്ടേറ്റ് കൊല്ലപ്പെടുന്നതിന് ഏകദേശം മൂന്നാഴ്ച മുമ്പ്, മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ കനയ്യ ലാൽ അറസ്റ്റിലായിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം വധഭീഷണി ചൂണ്ടിക്കാട്ടി അദ്ദേഹം പൊലീസ് സംരക്ഷണം തേടി.
ലാലിനെ ജൂൺ 10 ന് അറസ്റ്റ് ചെയ്യുകയും തൊട്ടടുത്ത ദിവസം കോടതി ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തുവെന്ന് എഡിജി (ലോ ആൻഡ് ഓർഡർ) ഹവ സിങ് ഘുമാരിയ ദി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
”ജൂൺ 15ന് കനയ്യ ലാൽ വധഭീഷണിയുണ്ടെന്ന് രേഖാമൂലം പരാതി നൽകുകയും പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തു. ബന്ധപ്പെട്ട എസ്എച്ച്ഒ ഭീഷണിപ്പെടുത്തുന്നവരെ വിളിച്ചുവരുത്തി. രണ്ട് സമുദായങ്ങളിൽ നിന്നുമുള്ള 5-7 ഉത്തരവാദിത്തപ്പെട്ട വ്യക്തികൾ ചേർന്ന് ഒരു കരാറിലെത്തി. ഇതേത്തുടർന്ന് ഇനി ആർക്കെതിരെയും നടപടിയെടുക്കേണ്ടതില്ലെന്ന് കനയ്യ ലാൽ സ്വന്തം കൈപ്പടയിൽ എഴുതി കൊടുത്തു. അതിനാൽ കനയ്യയുടെ വധഭീഷണി പരാതിയുമായി പൊലീസ് മുന്നോട്ടുപോയില്ല,” എഡിജി പറഞ്ഞു.
ഐപിസി സെക്ഷൻ 295 A, 153 A എന്നീ വകുപ്പുകൾ പ്രകാരം ഉദയ്പൂരിലെ ധന്മാണ്ഡി പോലീസ് സ്റ്റേഷനിലാണ് ലാലിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഉദയ്പൂർ സ്വദേശിയായ നാസിം അഹമ്മദാണ് പരാതി നൽകിയത്. പ്രവാചകനെതിരെ മോശം പരാമർശം നടത്തിയതിന് ലാലിനെതിരെ നടപടിയെടുക്കണമെന്നായിരുന്നു പരാതിയിലെ ആവശ്യം.
കഴിഞ്ഞ മൂന്നു ദിവസമായി അഹമ്മദ് തന്റെ കടയുടെ പരിസരത്ത് ചുറ്റിക്കറങ്ങുന്നതായി ജൂൺ 15 ന് പോലീസിനു നൽകിയ കത്തിൽ ലാൽ പറഞ്ഞിരുന്നു. “എന്റെ കട തുറന്നാലുടൻ അവർ എന്നെ കൊല്ലാൻ ശ്രമിക്കുമെന്ന് ഞാൻ കേട്ടു. അവരുടെ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ അവർ എന്റെ പേരും ഫോട്ടോയും വൈറലാക്കി, ആരെങ്കിലും എന്നെ എവിടെയെങ്കിലും കണ്ടാൽ, ആക്ഷേപകരമായ ഒരു പോസ്റ്റ് ഇട്ടതിനാൽ എന്നെ കൊല്ലണമെന്ന് പറഞ്ഞു,” കത്തിൽ പറയുന്നു.
അതേസമയം, കേസിൽ ലാലിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടതായി ധന്മണ്ടി സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഗോവിന്ദ് സിങ് സ്ഥിരീകരിച്ചു.
പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയെ പിന്തുണച്ച വ്യക്തിയാണ് കനയ്യ ലാൽ. നുപൂര്‍ ശര്‍മയെ പിന്തുണച്ച് സാമൂഹിക മാധ്യമങ്ങളില്‍ ലാൽ പോസ്റ്റിട്ടിരുന്നു.
Read More: നൂപൂര്‍ ശര്‍മയെ പിന്തുണച്ച് പോസ്റ്റിട്ടതിന് തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ