ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിനാറാമത് ഉപരാഷ്ട്രപതിയായി ജഗ്‌ദീപ് ധൻഖർ തിരഞ്ഞെടുക്കപ്പെട്ടു. 528 വോട്ട് നേടിയാണു വിജയം. പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി മാർഗരറ്റ് ആൽവയ്ക്കു 182 വോട്ട് ലഭിച്ചു. 15 വോട്ട് അസാധുവായി. ആകെ 725 വോട്ടാണു പോൾ ചെയ്തത്.
ജഗ്‌ദീപ് ധൻഖർ ഉപരാഷ്ട്രപതിയായി 11ന് അധികാരമേൽക്കും. നിലവിലെ രാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ കാലാവധി 10നാണ് അവസാനിക്കുന്നത്.
ജഗ്‌ദീപ് ധൻഖറിന മാർഗരറ്റ് ആൽവ അഭിനന്ദിച്ചു. തനിക്കു വോട്ട് ചെയ്ത പ്രതിപക്ഷ നേതാക്കൾക്കും എം പിമാർക്കും അവർ നന്ദി അറിയിച്ചു.
ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രതിപക്ഷത്തിനു ഭൂതകാലം ഉപേക്ഷിക്കാനും ഒരുമിച്ച് പ്രവര്‍ത്തിക്കാനും പരസ്പരം വിശ്വാസം വളര്‍ത്താനുമുള്ള അവസരമായിരുന്നുവെന്നു മാര്‍ഗരറ്റ് ആല്‍വ പറഞ്ഞു. നിര്‍ഭാഗ്യവശാല്‍, ചില പാര്‍ട്ടികള്‍ സംയുക്ത പ്രതിപക്ഷം എന്ന ആശയം അട്ടിമറിക്കാനുള്ള ശ്രമത്തില്‍ നേരിട്ടോ അല്ലാതെയോ ബി ജെ പിയെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചു. ഇതിലൂടെ ഈ പാര്‍ട്ടികളും അവരുടെ നേതാക്കളും സ്വന്തം വിശ്വാസ്യതയ്ക്കു കോട്ടം വരുത്തിയെന്നുെം മാർഗരറ്റ് ആൽവ അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയ നേതാക്കളും ധൻഖറെ അഭിനന്ദനം അറിയിച്ചു.
പശ്ചിമ ബംഗാള്‍ മുൻ ഗവര്‍ണറായ ജഗ്ദീപ് ധന്‍ഖർ, 515-ലധികം വോട്ടുകള്‍ നേടി അനായാസ വിജയം സ്വന്തമാക്കുമെന്നാണു നേരത്തെ വിലയിരുത്തപ്പെട്ടിരുന്നത്. ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡിയ്ക്കു പുറമെ ജനതാദള്‍ (യുണൈറ്റഡ്), വൈ എസ് ആര്‍ സി പി, ബി എസ് പി, എ ഐ എ ഡി എം കെ, ശിവസേന തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ പിന്തുണ അദ്ദേഹത്തിനുണ്ടായിരുന്നു.
കോണ്‍ഗ്രസ്, സി പി എം, സി പി ഐ, ആം ആദ്മി പാര്‍ട്ടി (എ എ പി), ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ എം എം), തെലങ്കാന രാഷ്ട്ര സമിതി (ടി ആര്‍ എസ്) എന്നിവയുടെ പിന്തുണയോടെ മത്സരിച്ച മാർഗരറ്റ് ആല്‍വ ഇരുന്നൂറിലേറെ വോട്ട് നേടിയേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ അതിൽ കുറഞ്ഞ വോട്ടാണു നേടിയിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതു പ്രതിപക്ഷത്ത് രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍നിന്നു വിഭിന്നമായി വിള്ളല്‍ വീഴ്ത്തിയിരുന്നു. ഇരുസഭകളിലുമായി 39 എംപിമാരുള്ള തൃണമൂല്‍ കോണ്‍ഗ്രസിനുശേഷം രണ്ടാമത്തെ വലിയ പ്രതിപക്ഷ കക്ഷിയാണ്.
പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങള്‍ക്കാണു വോട്ടവകാശം. 233 രാജ്യസഭാംഗങ്ങളും 12 നോമിനേറ്റഡ് രാജ്യസഭാംഗങ്ങളു ലോക്‌സഭയിലെ 543 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉള്‍പ്പെടെ 788 പേര്‍ ചേര്‍ന്നതാണ് ഇലക്ടറല്‍ കോളജ്.
പാര്‍ലമെന്റ് ഹൗസില്‍ രാവിലെ 10ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചിനാണ് അവസാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയവര്‍ വോട്ട് രേഖപ്പെടുത്തി.
എഴുപത്തിയൊന്നുകാരനായ ധൻഖർ രാജസ്ഥാനിൽനിന്നുള്ള സോഷ്യലിസ്റ്റ് പശ്ചാത്തലമുള്ള ജാട്ട് നേതാവാണ്. 2019 ജൂലൈയിൽ പശ്ചിമ ബംഗാൾ ഗവർണറായി നിയമിക്കപ്പെട്ട ധൻഖർ, തുടക്കം മുതൽ തൃണമൂൽ കോൺഗ്രസ് സർക്കാരുമായി നിരവധി വിഷയങ്ങളിൽ തർക്കത്തിലായിരുന്നു.
എൺപതുകാരിയായ ആൽവ കോൺഗ്രസ് നേതാവും രാജസ്ഥാനിലെയും ഉത്തരാഖണ്ഡിലെയും മുൻ ഗവർണറുമാണ്.