ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി വെങ്കയ്യ നായിഡുവും പ്രതിപക്ഷകക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥി ഗോപാലകൃഷ്ണ ഗാന്ധിയും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി പ്രസിഡന്റ് അമിത് ഷാ, മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരോടൊപ്പമായിരുന്നു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ വെങ്കയ്യ നായിഡു നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത്.
Read More : അമ്മ മരിച്ചത് ഒന്നര വയസ് മാത്രം പ്രായമുളളപ്പോള്‍; കര്‍ഷക കുടുംബത്തില്‍ നിന്നും ഉപരാഷ്ട്രപതി സ്ഥാനാര്ത്ഥിയിലേക്കുളള യാത്ര
പതിനെട്ട് പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സ്ഥാനാര്‍ഥിയായ ഗോപാലകൃഷ്ണ ഗാന്ധി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാന്‍ എത്തിയത് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധി, മുന്‍ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവരോടൊപ്പമായിരുന്നു. മറ്റു പ്രതിപക്ഷ പാര്‍ട്ടികളെ പ്രതിനിധീകരിച്ച് ജെഡിയു മുഖ്യന് ശരദ് യാദവ്, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ, എന്‍സിപിയുടെ താരിഖ് അന്‍വര്‍, പ്രഫുല്‍ പട്ടേല്‍, നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഫറൂഖ് അബ്ദുള്ള, ഡിഎംകെയിലെ കനിമൊഴി എന്നിവരും ഗോപാലകൃഷ്ണ ഗാന്ധിയെ അനുഗമിച്ചു.
പാര്‍ലമെന്റില്‍ വലിയ ഭൂരിപക്ഷമുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു അനായാസ വിജയം കൈവരിക്കാനാണ് സാധ്യത. എന്‍ഡിഎക്കു പുറമേ പ്രാദേശിക പാര്‍ട്ടികളായ എഐഡിഎംകെ, തെലങ്കാന രാഷ്ട്രീയ സമിതി, ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ എന്നീ പ്രാദേശിക പാര്‍ട്ടികളും എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് പിന്തുണയറിയിച്ചിട്ടുണ്ട്.
ഓഗസ്റ്റ് അഞ്ചിനാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓഗസ്റ്റ് 11നാവും പുതിയ ഉപരാഷ്ട്രപതി സ്ഥാനമേല്‍ക്കുക.
Read More : ആരാണ് ഗോപാല്‍കൃഷ്ണ ഗാന്ധി ?