ബെംഗലൂരു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ഷൂ മോഷണം പോയി. ബിജെപി നേതാവിന്റെ വസതിയിൽ വിരുന്നിൽ പങ്കെടുത്ത് മടങ്ങാൻ നേരമാണ് ഉപരാഷ്ട്രപതിയുടെ ചെരിപ്പ് നഷ്ടപ്പെട്ടത്.
ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി പ്രഭാത ഭക്ഷണത്തിനും വിരുന്നിനുമായി ബെംഗലൂരു സെൻട്രൽ ലോക്സഭ മണ്ഡലം എംപി പിസി മോഹനന്റെ വീട്ടിലെത്തിയത് ഇന്ന് രാവിലെയാണ്. കേന്ദ്രമന്ത്രിമാരായ സദാനന്ദ ഗൗഡ, അനന്ത കുമാര്‍ എന്നിവരും വിരുന്നില്‍ പങ്കെടുത്തിരുന്നു.
വീടിന് പുറത്ത് ഷൂ അഴിച്ചുവെച്ചാണ് ഉപരാഷ്ട്രപതി അകത്തേക്ക് പ്രവേശിച്ചത്. വിരുന്ന് സത്കാരം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ അദ്ദേഹത്തിന്റെ ഷൂ മാത്രം കാണാൻ ഉണ്ടായിരുന്നില്ല. മറ്റ് കേന്ദ്രമന്ത്രിമാരുടെയെല്ലാം പാദരക്ഷകൾ അവിടെ തന്നെ ഉണ്ടായിരുന്നു.
ഷൂ കാണാതായതോടെ സുരക്ഷ ഉദ്യോഗസ്ഥർ വീടിന് സമീപത്തെല്ലാം തിരഞ്ഞുപോയെങ്കിലും കണ്ടെത്താനായില്ല. ഉപരാഷ്ട്രപതിയുടെ സന്ദർശന വിവരമറിഞ്ഞ് ഇവിടെയെത്തിയവരാരോ ഷൂ അറിയാതെ മാറിയിട്ടതാകാമെന്നാണ് നിഗമനം. പിന്നീട് മറ്റൊരു ഷൂ വാങ്ങി നൽകിയ ശേഷമാണ് വെങ്കയ്യ നായിഡു സ്ഥലം വിട്ടത്.