മുംബൈ: ബീഫ് കഴിക്കുന്നവരെ നോവിക്കാതെ ബീഫ് ഫെസ്റ്റിവലിനെ വിമർശിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മുംബൈയിൽ ആർഎ പോദാർ കോളേജ് ഓഫ് കൊമേഴ്സിൽ സംസാരിക്കവേയാണ് ഉപരാഷ്ട്രപതിയുടെ ചോദ്യം. കോളേജിൽ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം.
“നിങ്ങൾ ബീഫ് കഴിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ കഴിക്കണം. പക്ഷെ ബീഫ് കഴിക്കാൻ വേണ്ടി എന്തിനാണ് ബീഫ് ഫെസ്റ്റിവൽ നടത്തുന്നത്? ചുംബിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചുംബിക്കണം. അല്ലാതെ ചുംബന ഉത്സവമോ അതിന് മറ്റാരുടെയെങ്കിലും അനുമതിയോ വാങ്ങിക്കാറുണ്ടോ?”, ഉപരാഷ്ട്രപതി ചോദിച്ചു.
“നമ്മുടെ പാർലമെന്റ് തകർക്കാൻ ശ്രമിച്ചവനാണ് അഫ്‌സൽ ഗുരു. എന്നാൽ ചിലയാളുകൾ അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റരുതെന്ന് ആവശ്യപ്പെടുന്നു, അദ്ദേഹത്തെ പ്രകീർത്തിക്കുന്നു. എന്താണ് സംഭവിക്കുന്നത്?”, വെങ്കയ്യ നായിഡു ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഹമീദ് അൻസാരി സ്ഥാനമൊഴിഞ്ഞതിന് ശേഷമാണ് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു സ്ഥാനമേറ്റത്. കേന്ദ്രമന്ത്രി പദത്തിൽ നിന്നാണ് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡുവിന് സ്ഥാനക്കയറ്റം ലഭിച്ചത്.