ന്യൂഡൽഹി: രാജ്യത്ത് ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. ബിജെപി സ്ഥാനാർത്ഥി വെങ്കയ്യ നായിഡുവിന് കോൺഗ്രസിന്റെ ഗോപാൽകൃഷ്ണ ഗാന്ധിയാണ് എതിരാളി. പാർലമെന്റിന്റെ ഇരുസഭകളിലുമായി ആകെ 786 എംപി മാർക്കാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുള്ളത്.

വിജയമുറപ്പിച്ചിരിക്കുന്ന ബിജെപി കേന്ദ്രം, മികച്ച ഭൂരിപക്ഷം ഉറപ്പാക്കണമെന്ന ലക്ഷ്യമാണ് എംപി മാർക്ക് നൽകിയിരിക്കുന്നത്. ലോക്സഭയിൽ 330 ഉം രാജ്യസഭയിൽ 87ഉം എംപിമാരാണ് ബിജെപിക്കുള്ളത്. ഇതിന് പുറമെ, വൈഎസ്ആർ കോൺഗ്രസ്, എഐഎഡിഎംകെ, തെലങ്കാന രാഷ്ട്ര സമിതി എന്നിവരുടെ കൂടി പിന്തുണ ലഭിക്കുന്ന സാഹചര്യത്തിൽ ആകെ 484 വോട്ട് നേടാനാകുമെന്നാണ് ബിജെപി കണക്കുകൂട്ടൽ.

പാർലമെന്റ് മന്ദിരത്തിലെ 63ാം നമ്പർ മുറിയിൽ രാവിലെ പത്ത് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. നോമിനേറ്റഡ് എംപിമാർക്കടക്കം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുണ്ട്. ഇന്ന് തന്നെ വോട്ടെണ്ണലും നടക്കും. വൈകിട്ട് ഏഴ് മണിയോടെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാസഖ്യം പിരിഞ്ഞ് എൻഡിഎ യ്ക്ക് ഒപ്പം ബീഹാറിൽ സർക്കാർ രൂപീകരിച്ച ജെഡിയു നേതാവ് നിതീഷ് കുമാർ ഗോപാൽകൃഷ്ണ ഗാന്ധിക്കാണ് പിന്തുണ പ്രഖ്യാപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ