ന്യൂഡൽഹി:​ ദളിതർക്കെതിരായ അക്രമങ്ങളെ കുറിച്ച് സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ബിഎസ്പി അദ്ധ്യക്ഷ മായാവതി സമർപ്പിച്ച രാജി ഉപരാഷ്ട്രപതി ഹമീദ് അൻസാരി അംഗീകരിച്ചു. രാജി സമർപ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഉപരാഷ്ട്രപതി ഇത് അംഗീകരിക്കുന്നത്.

ചൊവ്വാഴ്ചയാണ് ദളിതർക്കെതിരായ അതിക്രമങ്ങളെ കുറിച്ച് മായാവതി സംസാരിച്ച് കൊണ്ടിരിക്കെ സ്പീക്കർ പി.ജെ.കുര്യൻ പ്രസംഗം നിർത്താൻ ആവശ്യപ്പെട്ടത്. അനുവദിച്ച മൂന്ന് മിനിറ്റ് സമയം കഴിഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ശൂന്യവേള ആയതിനാൽ കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് സ്പീക്കർ അറിയിച്ചതിനെ തുടർന്ന് ക്ഷുഭിതയായ മായാവതി രാജിസന്നദ്ധത അറിയിക്കുകയായിരുന്നു. ഇവരും മറ്റ് ബിഎസ്പി അംഗങ്ങളും സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

പിന്നീട് ഉപരാഷ്ട്രപതി ഹമീദ് അൻസാരിക്ക് സഭയിൽ ദളിതർക്കെതിരായ അതിക്രമത്തെ കുറിച്ച് സംസാരിക്കാൻ അനുവദിച്ചില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മായാവതി രാജി സമർപ്പിക്കുകയായിരുന്നു.

സഭയിൽ ഒരാൾക്ക് മാത്രമായി പ്രത്യേക അവകാശമില്ലെന്ന് പറഞ്ഞാണ് പി.ജെ.കുര്യൻ പ്രസംഗം തടഞ്ഞത്. എന്നാൽ ഇതിന് മറുപടി നൽകിയ മായാവതി, “എന്നെ പൂർത്തിയാക്കാൻ അനുവദിക്കൂ. ഇത് വളരെ ഗുരുതരമായ വിഷയമാണ്. ഇക്കാര്യം മുഴുവനാക്കാൻ അനുവദിച്ചില്ലെങ്കിൽ ഞാൻ എന്റെ രാജ്യസഭാംഗത്വം രാജിവയ്ക്കും” എന്നായിരുന്നു മായവതിയുടെ ഭീഷണി.

“സമകാലിക വിഷയത്തിൽ എന്റെ അഭിപ്രായം രേഖപ്പെടുത്താൻ ഭരണ കക്ഷി അനുവദിക്കാത്ത സാഹചര്യത്തിൽ, ഈ സ്ഥാനം രാജിവയ്ക്കുകയാണ് നല്ലതെന്ന് ഞാൻ കരുതുന്നു”, വെന്നാണ് മായാവതി പിന്നീട് പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ