ന്യൂഡൽഹി: നാവിക സേനയുടെ ഇരുപത്തി അഞ്ചാമത് മേധാവിയായി ആർ. ഹരികുമാർ ചുമതലയേറ്റു. അഡ്മിറൽ കരംബീർ സിങ് സ്ഥാനമൊഴിഞ്ഞതോടെയാണ് ഹരികുമാർ ചുമതലയേറ്റത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാണ് അദ്ദേഹം.
നാവികസേനാ മേധാവിയാകുന്നതിൽ സന്തോഷമുണ്ടെന്ന് ഹരികുമാർ പറഞ്ഞു. മുൻഗാമികളുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്നും അവരുടെ പാത പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിലെ പ്രതിരോധ മന്ത്രാലയത്തിനു മുന്നിലായിരുന്നു സ്ഥാനാരോഹണ ചടങ്ങ്.
ഏറെ നിർണായക സമയത്താണ് നാവികസേനാ മേധാവിയായതെന്നും അഭിമാനത്തോടെയാണ് സ്ഥാനമൊഴിയുന്നതെന്നും കരംബീർ സിങ് പറഞ്ഞു. 41 വർഷത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് കരംബീർ സിങ് വിരമിച്ചത്.
മുംബൈയിൽ പശ്ചിമ നാവിക കമാൻഡിൽ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായിക്കെയാണ് ഹരികുമാർ സേനാമേധാവിയായി അവരോധിതനായത്. തിരുവനന്തപുരം പട്ടം സ്വദേശിയായ അദ്ദേഹം ഖഡക്വാസ്ലയിലെ പ്രശസ്തമായ നാഷണൽ ഡിഫൻസ് അക്കാദമിയിലെ പൂർവ വിദ്യാർത്ഥിയാണ്.
1983 ജനുവരി ഒന്നിനാണ് നാവികസേനയുടെ ഭാഗമാകുന്നത്. 38 വർഷം നീണ്ട സർവിസിനിടെ വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിരാട്, ഐഎൻ കപ്പലുകളായ നിഷാങ്ക്, കോറ, രൺവിർ, കോസ്റ്റ് ഗാർഡ് കപ്പൽ സി-01 എന്നിവയുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്.
പീരങ്കി അഭ്യാസങ്ങളിൽ വിദഗ്ധനായ ഹരികുമാർ നിരവധി സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പരം വിശിഷ്ഠ് സേവ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നീ ബഹുമതികൾ ലഭിച്ചു.
Also Read: ദക്ഷിണാഫ്രിക്കയിൽനിന്ന് എത്തിയ വിദേശിക്ക് ബാധിച്ചത് ഡെൽറ്റയിൽനിന്ന് വ്യത്യസ്തമായ വകഭേദമെന്ന് കർണാടക