ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഓര്‍ഡിനന്‍സ് ആവശ്യപ്പെട്ട് രാജ്യത്തൊട്ടാകെ ധര്‍മ്മ സഭകള്‍ സംഘടിപ്പിക്കുകയും കുംഭമേളയില്‍ ധര്‍മ്മ സന്‍സാദ് സംഘടിപ്പിക്കുകയും ചെയ്തതിനു ശേഷം, അടുത്ത നാലുമാസത്തേയ്ക്ക് ഇനി രാമക്ഷേത്രത്തിന്റെ പേരില്‍ തങ്ങള്‍ പ്രക്ഷോഭമുണ്ടാക്കില്ലെന്ന് വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി). ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞേ ഇനി ഇതേക്കുറിച്ച് സംസാരിക്കൂ എന്നാണ് വിഎച്ച്പിയുടെ തീരുമാനം.
ക്ഷേത്രം നിര്‍മ്മിക്കാന്‍ തര്‍ക്കഭൂമിയല്ലാത്ത 67 ഏക്കര്‍ ഭൂമി വിട്ടു നില്‍കണം എന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിഎച്ച്പിയുടെ പുതിയ പ്രഖ്യാപനം. അടുത്തിടെ പ്രയാഗ് രാജിലെ ധര്‍മ്മ സന്‍സാദില്‍ വച്ചാണ് പുതിയ തീരുമാനമെടുത്തത്.
‘അടുത്ത നാലുമാസത്തില്‍ ഞങ്ങള്‍ ഒരുതരത്തിലുള്ള പ്രക്ഷോഭ പരിപാടികളും നടത്തില്ല. തിരഞ്ഞെടുപ്പ് സമയത്ത് രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിന് വേറെ ലക്ഷ്യം ഉണ്ടെന്നും രാഷ്ട്രീയത്തില്‍ ഇടപെടാനാണെന്നും ഉള്ള ചിന്ത പലര്‍ക്കും ഉള്ളതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്. അടുത്ത നാലുമാസത്തേക്ക് ഈ വിഷയത്തെ രാഷ്ട്രീയത്തില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതുണ്ടെന്നു തോന്നി,’ വിഎച്ച്പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് അലോക് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞു.
ഈ വിഷയവുമായി ബന്ധപ്പെട്ട വിഎച്ച്പിയുടെ തീരുമാനം കോടതി ഉത്തരവ് അനുസരിച്ചായിരിക്കില്ല എന്നും, എന്തെങ്കിലും അടിയന്തര സാഹചര്യം ഉണ്ടെങ്കില്‍ തങ്ങളുടെ പുരോഹിതരില്‍ നിന്നും ഉപദേശം സ്വീകരിക്കുമെന്നും പറഞ്ഞ അലോക് കുമാര്‍, കോടതി നടപടികള്‍ വൈകിയാല്‍ അതും തങ്ങളുടെ തീരുമാനത്തെ ബാധിക്കില്ലെന്ന് വ്യക്തമാക്കി.