ആഗ്ര: താജ്മഹലിന്റെ പടിഞ്ഞാറ് വശത്ത് പുരാവസ്‌തു വകുപ്പ്‌ സ്ഥാപിച്ചിരുന്ന ഗേറ്റ് സംഘപരിവാർ പ്രവർത്തകർ പൊളിച്ചു. അടുത്തുളള 400 വര്‍ഷം പഴക്കമുളള ക്ഷേത്രത്തിലേക്കുള്ള വഴി തടയുന്നു എന്ന് ആരോപിച്ചാണ് ഗേറ്റ് തകർത്തത്. സംഭവത്തിൽ വിഎച്ച്പി പ്രവർത്തകരുൾപ്പെടെ 30 പേർക്കെതിരെ പൊലീസ് കേസെടുത്തു.

താജ്മഹലിന്റെ പടിഞ്ഞാറ് ഭാഗത്തെ പ്രവേശന കവാടത്തിന് സമീപം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിച്ച 10 അടി നീളവും 11 അടി ഉയരവും ഉണ്ടായിന്ന സ്റ്റീൽ ഗേറ്റ് ആണ് സംഘപരിവാർ പ്രവർത്തകർ പൊളിച്ചത്. സിദ്ധേശ്വര്‍ മഹാദേവ് ക്ഷേത്രത്തിലേക്കുളള വഴിയാണ് ഇത് തടയുന്നതെന്നാണ് ഇവരുടെ വാദം.

പലതവണ ഉദ്യാഗസ്ഥരോട് ഗേറ്റ് പൊളിക്കാൻ നിർദ്ദേശിച്ചെങ്കിലും തയ്യാറായില്ലെന്നും അതിനാലാണ് പൊളിച്ചതെന്നും അക്രമത്തെ ന്യായീകരിച്ച് വിഎച്ച്പി നേതാവ് രവി ദുബേ പറഞ്ഞു. എന്നാൽ ക്ഷേത്രത്തിലേക്ക് പോകാൻ തൊട്ടടുത്ത് ബദൽ വഴി ഉണ്ടായിരിക്കെയാണ് അക്രമം എന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിന് പിന്നാലെ ആര്‍ക്കിയോളജിക്കല്‍  സര്‍വേ അംഗങ്ങള്‍ പൊലീസില്‍ പരാതി നല്‍കി. കേസെടുത്ത 30 പേരില്‍ അഞ്ച് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

താജ്മഹൽ ഇന്ത്യക്ക് അപമാനമാണെന്ന് നേരത്തെ ബിജെപി എംഎൽഎ സംഗീത് സോം പറഞ്ഞിരുന്നു. ഈ പ്രസ്‌താവനയും, താജ് ക്ഷേത്രം ആയിരുന്നു എന്ന തരത്തിലുള്ള വിവിധ ബിജെപി നേതാക്കളുടെ പ്രസ്‌താവനകളും അടുത്തിടെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് താജ്മഹലിന് നേരെയുള്ള അക്രമം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ