ആഗ്ര: സൽമാൻ ഖാനെ പരസ്യമായി തല്ലുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു സംഘടന നേതാവ്. വിശ്വഹിന്ദു പരിഷത്ത് മുൻ പ്രസിഡന്റ് പ്രവീൺ തൊഗാഡിയ സ്ഥാപിച്ച സംഘടനയായ ഹിന്ദു ഹി ആഗിന്റെ ആഗ്ര യൂണിറ്റ് മേധാവി ഗോവിന്ദ് പരശാർ ആണ് പാരിതോഷികം പ്രഖ്യാപിച്ചത്. സൽമാനെ പരസ്യമായി തല്ലുന്നവർക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികമായി നൽകും. ഹിന്ദുസ്ഥാൻ ടൈംസ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൽമാൻ ഖാൻ ഫിലിംസ് നിർമ്മാണം ചെയ്യുന്ന ലവ്രാത്രി സിനിമ ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് ഗോവിന്ദിന്റെ ആരോപണം. നവരാത്രിക്ക് റിലീസിന് ഒരുങ്ങുന്ന സിനിമയിലെ നായകൻ സൽമാന്റെ സഹോദരി ഭർത്താവ് ആയുഷ് ശർമ്മയാണ്.
ആഗ്രയിലെ ഭഗ്വാൻ സിനിമാ തിയേറ്ററിലെത്തിയ ഗോവിന്ദിന്റെ നേതൃത്വത്തിലുളള പ്രതിഷേധക്കാർ സൽമാൻ ഖാന്റെ സിനിമയുടെ പോസ്റ്ററുകൾ കത്തിക്കുകയും താരത്തിനും ലവ്രാത്രി സിനിമയ്ക്കെതിരെ മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തു.
സൽമാൻ ഖാൻ നിർമ്മിക്കുന്ന സിനിമ നവരാത്രിക്ക് റിലീസ് ചെയ്യുന്നതിലൂടെ ലക്ഷക്കണക്കിന് ഹിന്ദുക്കളുടെ മതവികാരത്തെയാണ് വ്രണപ്പെടുത്തുക. ഈ സിനിമയ്ക്ക് വിലക്ക് ഏർപ്പെടുത്തണം. സിനിമ റിലീസ് ചെയ്യാൻ അനുവദിച്ചാൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ഗോവിന്ദ് മുന്നറിയിപ്പ് നൽകി. ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സെൻസർ ബോർഡ് സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകരുത്. മറിച്ചായാൽ സിനിമ റിലീസ് ചെയ്യുന്ന തിയേറ്ററുകൾ കത്തിക്കുമെന്നും ഗോവിന്ദ് ഭീഷണി മുഴക്കി. അയോധ്യയിൽ രാമക്ഷേത്രം പണിയണമെന്നാവശ്യപ്പട്ട് ഗോവിന്ദ് അടുത്തിടെ ഒപ്പുശേഖര ക്യാംപെയിൻ നടത്തിയിരുന്നു.