അഹമദാബാദ് : വിഎച്ച്പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റായ പ്രവീണ്‍ തൊഗാഡിയെ കാണാതാകുന്നു, മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തെ അഹമദാബാദിനടുത്തുള്ള പാര്‍ക്കില്‍ വച്ച് ലഭിക്കുന്നു. അതിനുശേഷം പത്രസമ്മേളനം വിളിച്ച തൊഗാഡിയ ‘പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടേക്കും’ എന്ന വിവരത്തെ തുടര്‍ന്നാണ്‌ താന്‍ കടന്നുകളഞ്ഞത് എന്ന് വെളിപ്പെടുത്തുന്നു.

എന്നാല്‍ ഈ സംഭവങ്ങളൊക്കെ തൊഗാഡിയയുടെ നാടകമാണ് എന്നാണ് ഗുജറാത്ത് പൊലീസ് പറയുന്നത്. തന്‍റെ ഡ്രൈവറുടേയും സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറുടേയും സഹായത്തോടെ തൊഗാഡിയ ഒരു വ്യാജ സംഭവം കെട്ടിച്ചമക്കുകയായിരുന്നെന്ന് ഗുജറാത്ത് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച തൊഗാഡിയയെ അറസ്റ്റുചെയ്യാന്‍ രാജസ്ഥാന്‍ പൊലീസ് അഹമദാബാദില്‍ എത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ ‘കണ്ടെത്താനായില്ല’ എന്ന് ഗുജറാത്ത് പൊലീസ് അറിയിക്കുന്നത്. പിന്നീട് ഒരു പാര്‍ക്കില്‍ വച്ച് അദ്ദേഹത്തെ ലഭിക്കുകയും ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേഷിപ്പിക്കുകയുമായിരുന്നു.

” പ്രവീണ്‍ തൊഗാഡിയയുടെ വാദങ്ങളൊക്കെ തെറ്റാണ്” എന്ന് പറഞ്ഞ സംസ്ഥാന ക്രൈംബ്രാഞ്ച് ജോയിന്‍റ് കമ്മീഷണര്‍ ജെകെ ഭട്ട്, സ്വകാര്യ ആശുപത്രിയിലെ ഡോക്ടറുമായി സഹകരിച്ച് ഉണ്ടാക്കിയ നാടകമാണ് അരങ്ങേറിയത് എന്നും ആരോപിച്ചു.

കാലത്ത് പതിനൊന്ന് മണിക്ക് ഓഫീസില്‍ നിന്നുമിറങ്ങിയ തൊഗാഡിയ ഘനശ്യാം ചരണ്‍ദാസ് എന്നു തിരിച്ചറിഞ്ഞ ഒരു സഹായിയുടെ വീട്ടില്‍ നിന്നതിന്‍റെ സിസിടിവി വീഡിയോകള്‍ ലഭിച്ചിട്ടുണ്ട് എന്നാണ് ഒരു മുതിര്‍ന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട്‌ പറഞ്ഞത്.

” കോതര്‍പൂരില്‍ ഡ്രൈവര്‍ നികുലിന്‍റെ ഫോണ്‍ ഉപയോഗിച്ചാണ് അവര്‍ ആംബുലന്‍സ് വിളിക്കുന്നത്. ഫോണ്‍ കോള്‍ വിവരങ്ങള്‍ പരിശോധിക്കുകയാണ് എങ്കില്‍ വിഐപിയായ രോഗി വരുന്ന കാര്യം ഡോക്ടര്‍ക്ക് വളരെ നേരത്തെ തന്നെ ലഭിച്ചിട്ടുണ്ട്. അതിനായി സജ്ജരാകാന്‍ ആശുപത്രി സ്റ്റാഫുകള്‍ക്ക് നിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്. ” ക്രൈംബ്രാഞ്ച് ഓഫീസര്‍ പറഞ്ഞു.

ചൊവ്വാഴ്ച അരമണിക്കൂര്‍ നീണ്ട വാര്‍ത്താ സമ്മേളനം പ്രവീണ്‍ തൊഗാഡിയ നടത്തിയത് വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ്. ആ സമയത്തുടനീളം ഒരു സഹായി അദ്ദേഹത്തിനുള്ള ഡ്രിപ്സ് ഏന്തി നില്‍ക്കുന്നുണ്ടായിരുന്നു.

“രാജസ്ഥാന്‍ പൊലീസ് എന്നെ അറസ്റ്റുചെയ്യാന്‍ ഗുജറാത്തില്‍ എത്തിയെന്ന വിവരം ലഭിച്ചതോടെയാണ് ഞാന്‍ ഓഫീസ്‌ വിട്ടിറങ്ങിയത്. എന്‍റെ അറസ്റ്റ് കൂടുതല്‍ പ്രശ്നങ്ങളില്‍ കലാശിക്കും എന്ന് ഭയന്നാണത്. ലൊക്കേഷന്‍ മനസ്സിലാകാതിരിക്കാന്‍ ഫോണ്‍ ഓഫ് ചെയ്ത ഞാന്‍ തല്‍തേജിലെ ഒരു പ്രവര്‍ത്തകന്‍റെ ഓഫീസിലേക്ക് പോവുകയായിരുന്നു” എന്നായിരുന്നു തൊഗാഡിയ മാധ്യമങ്ങളോട് പറഞ്ഞത്.

തന്‍റെ ശബ്ദം അടിച്ചമര്‍ത്താനായി കെട്ടിച്ചമച്ച കേസുകളാണ് ഇതെന്ന് പ്രവീണ്‍ തൊഗാഡിയ ആരോപിക്കുന്നു. പത്രസമ്മേളനത്തിനിടയില്‍ അതി വൈകാരികമായിട്ടായിരുന്നു തൊഗാഡിയ സംസാരിച്ചത്. ഇടയ്ക്കുവച്ചദ്ദേഹം വിങ്ങിപൊട്ടുകയും ചെയ്തു. “ഞാന്‍ ഗുജറാത്തിലും രാജസ്ഥാനിലുമുള്ള എന്റെ എല്ലാ അഭിഭാഷകരേയും ബന്ധപ്പെട്ടു. കോടതി മുന്‍പാകെ കീഴടങ്ങണം എന്നാണ് അവരെന്നോട് ആവശ്യപ്പെട്ടത്. അതിനാല്‍ ഞാന്‍ ജയ്പൂരിലെ വിമാനത്താവളത്തിലേക്ക് തിരിക്കുകയായിരുന്നു. വഴിയില്‍ കോതര്‍പൂരില്‍ വച്ച് ഞാന്‍ വീഴുകയായിരുന്നു. പൊലീസില്‍ നിന്നും രക്ഷപ്പെടുവാനായി ഒരു ഷോള്‍ കൊണ്ട് മുഖം മറച്ചായിരുന്നു യാത്ര.” തൊഗാഡിയ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ